അരയ്ക്ക്താഴേക്ക് തളർന്ന ഭർത്താവിന്റെ ജീവന് വേണ്ടി തിരുവനന്തപുരം ബാലരാമപുരം സ്വദേശി മിനിയും രണ്ട്മക്കളും ഇനി മുട്ടാത്ത വാതിലുകളില്ല. വഴിമുട്ടിനിൽക്കുന്ന ജീവിതം തിരികെ പിടിക്കണമെങ്കിൽ ഇവർക്കൊരുകൈത്താങ് കൂടിയേ തീരൂ. അതിനായി ഒരുമിക്കേണ്ടത് നാടിന്റെ സുമനസ്സുകളാണ്.
യാത്രമദ്ധ്യേ ബാലരാമപുരത്ത് വച്ചാണ് ഐത്തിയൂർ സ്വദേശി മിനിയെ ഞങ്ങൾ കണ്ടുമുട്ടുന്നത്. മിനി പറഞ്ഞതുപോലെ വീട്ടിലെ അവസ്ഥ തികച്ചും ദയനീയമായിരുന്നു. രണ്ടര വർഷം മുൻപ് വീണുപോയതാണ് വേണു. പിന്നെ ഇന്നീ സമയം വരെ ഒന്നെഴുന്നേൽക്കാൻ പോലും വേണുവിനായിട്ടില്ല. വീട് നിർമാണത്തിനിടെ പാരപ്പറ്റിൽ നിന്ന് വീണ് നട്ടെല്ലിന് ഏറ്റ ക്ഷതമാണ് ഐത്തിയൂർ വട്ടവിള വീട്ടിൽ വേണുവിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ജീവിതം തിരികെ പിടിക്കണമെന്ന മനക്കരുത്ത് മാത്രമാണ് വേണുവിന് മുതൽക്കൂട്ട്.
വീട് നിർമാണത്തിനായി ബാലരാമപുരം സഹകരണ ബാങ്കിൽ നിന്നെടുത്ത ലോൺ ഇപ്പോൾ ജപ്തി നടപടികളിൽ എത്തിനിൽക്കുന്നു. നട്ടെല്ലിന് ഏറ്റ ക്ഷതം ഭേദമാകണമെങ്കിൽ വിദഗ്ധ ചികിത്സ അനിവാര്യമാണ്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്ന വേണുവിന് ഒരാഗ്രഹമേ ഉള്ളു. ഒന്നെഴുന്നേൽക്കണം, വീടിന്റെ നട്ടെല്ലായി നിവർന്ന് നിൽക്കണം. അതിന് കനിയേണ്ടത് നമ്മൾ ഓരോരുത്തരും കൂടിയാണ്.