train-berth-06

TOPICS COVERED

ട്രെയിനിലെ ബര്‍ത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ അമ്പരക്കാത്തവരായി ആരുമില്ല. ഒരുവട്ടമെങ്കിലും ട്രെയിനിലെ ബെര്‍ത്തില്‍ കിടന്നുറങ്ങിയവരെല്ലാം ഞെട്ടി. ബര്‍ത്ത് പൊട്ടിയതല്ല, ചങ്ങല ശരിയായി ഇടാത്തതാണ് പ്രശ്നമെന്ന് പിന്നീട് റെയില്‍വെയുടെ വിശദീകരണം വന്നു. റെയില്‍വെയുടെ വാദം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരുകാര്യം ഉറപ്പാണ്, അതിജാഗ്രത ഉണ്ടായേ പറ്റൂ. ചങ്ങലയിടുമ്പോള്‍ അത്രമേല്‍ കരുതല്‍ വേണം. ഒപ്പം ബര്‍ത്തുകളുടെ ഉറപ്പും കാര്യക്ഷമതയും ഉറപ്പാക്കാന്‍ റെയില്‍വെയും ശ്രദ്ധ വയ്ക്കണം.

train-breath

‘ബര്‍ത്ത്’ അപകടങ്ങള്‍ മുന്‍പും

സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് ബര്‍ത്ത് അപകടങ്ങള്‍.

train-breath-2

2017, മേയ് 5

ജയ്പൂര്‍ എക്സ്പ്രസില്‍ കുടുംബത്തോടെ യാത്ര ചെയ്യുകായിരുന്നു സരോജ് ജോഷി (63). മിഡില്‍ ബര്‍ത്തിലെ യാത്രക്കാരന്‍ ബര്‍ത്തിലേക്ക് കയറവെ രണ്ടു ചെയിനുകളിലൊന്ന് പൊട്ടി സരോജിന്റെ തലയില്‍ വീണ് ഗുരുതര പരുക്ക്. 

train-breath-1

2019, ജൂലൈ 22

ബെംഗളൂരു–  മുംബൈ ഉദ്യാന്‍ എക്സ്പ്രസിലെ എസി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു കൊല്‍ക്കത്ത സ്വദേശിനിയായ സരസ്വതി ബനിസാല്‍ (40), മുകള്‍ ബര്‍ത്തില്‍ നിന്ന് താഴേക്കിറങ്ങവെ തെന്നി വീണ് മരണം സംഭവിച്ചു. 

train-breath-3

‘ഹുക്കിട്ടാല്‍’ മാത്രം പോര  

ആനയെ തളയ്ക്കുന്നതിനു സമാനമായ, 500 കിലോവരെ താങ്ങാവുന്ന ചെയിനുകളിലാണ് മിഡില്‍ ബര്‍ത്തുകള്‍ തൂക്കിയിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ചെയിന്‍ പൊട്ടിയുള്ള അപകടങ്ങള്‍ അപൂര്‍വമായെങ്കിലും ഉണ്ടാകുന്നെന്ന് സരോജ് ജോഷിയുടെ ദുരനുഭവം വ്യക്തമാക്കുന്നു. 

‘പീരിയോഡിക്കല്‍ മെയിന്‍റനന്‍സ് കൃത്യമായി റയില്‍വേ നടത്താറുണ്ട്. ചെയിന്‍ പൊട്ടിവീണ് അപകടമുണ്ടാകുന്നത് മെയിന്റനന്‍സിന്റെയും സൂപ്പര്‍വിഷന്റെയും  അശ്രദ്ധമൂലമാണ്’, ഒരു മുന്‍ റയില്‍വേ ഉദ്യോഗസ്ഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

ചെയിന്‍ പൊട്ടിവീണ് അപകടമുണ്ടാകുന്നത് മെയിന്റനന്‍സിന്റെയും സൂപ്പര്‍വിഷന്റെയും അശ്രദ്ധമൂലമാണ്

മിഡില്‍ ബര്‍ത്തിന്റെ ഹുക്കിട്ടാല്‍ മാത്രം സുരക്ഷിതമാകില്ല എന്നറിയണം. രണ്ട് ചെയിനിന്റെയും ഹുക്കിനോട് ചേര്‍ന്നുള്ള ലോക്ക് കൃത്യമായി വീണോ എന്ന് പരിശോധിക്കണം. അല്ലാത്തപക്ഷം ബ്രേക്ക് ചെയ്യുമ്പോഴോ ഉറങ്ങുന്നയാള്‍ ഹുക്കില്‍ തട്ടിയോ ഒക്കെ അപകടമുണ്ടാകാം. ഈ ശ്രദ്ധ മിഡില്‍ ബര്‍ത്തിലെ യാത്രക്കാരന് മാത്രം പോര, ലോവര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുന്നയാള്‍ക്കുമുണ്ടാകണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍റെ ഭാരവാഹി പോള്‍ കെ.ജെ.മാന്‍വെട്ടം ചൂണ്ടിക്കാട്ടുന്നു.  

ലഗേജ് മുകളിലേക്കെടുക്കല്ലേ  

മുകളിലത്തെ ബര്‍ത്തുകളില്‍ ലഗേജ് വയ്ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ട്രെയിന്‍ ബ്രേക്ക് ചെയ്തപ്പോള്‍ മുകള്‍ ബര്‍ത്തില്‍ നിന്ന് ലഗേജ് ദേഹത്തുവീണ് പരുക്കേറ്റ സംഭവങ്ങള്‍ നിരവധിയുണ്ട്. റിസര്‍വ് ചെയ്ത ഓരോ യാത്രക്കാരനും ലഗേജ് വയ്ക്കാനുള്ള സ്ഥലം  ലോവര്‍ ബര്‍ത്തുകളുടെ താഴെ ധാരാളമുള്ളപ്പോള്‍ വെറുതേ അപകടസാധ്യത വിളിച്ചുവരുത്തേണ്ട കാര്യമില്ലല്ലോ. 

നഷ്ടപരിഹാരം

ട്രെയിന്‍ അപകടങ്ങളില്‍ മരിക്കുന്നയാളിന്റെ ആശ്രിതര്‍ക്ക് ലഭിക്കുന്നത് മിനിമം 10 ലക്ഷം രൂപയാണ്. എന്നാല്‍ ഒരു അഭിഭാഷകനെ സമീപിച്ച് കേസ് വാദിച്ചാല്‍ കൂടുതല്‍ തുക ലഭിക്കാന്‍ സാധ്യതയുണ്ട്. റയില്‍വേ ക്ലെയിം ട്രിബ്യൂണലില്‍ കേസ് കൊടുക്കാം. അല്ലാത്തപക്ഷം കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം’. മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്ത ആളിന്റെ പ്രായം, ജോലി, കുടുംബ ബാധ്യതകള്‍, കുട്ടികള്‍ ഇവയെല്ലാം പരിഗണിച്ചാണ് ട്രൈബ്യൂണല്‍/ കോടതി തുക നിശ്ചയിക്കുന്നത്.

സാക്ഷികള്‍ നിര്‍ണായകം 

ട്രെയിനുള്ളില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. പക്ഷേ തെളിവുകള്‍ നിര്‍ണായകമാണ്. അതിന് സഹയാത്രികരുടെ സാക്ഷിമൊഴികളാണ് നിര്‍ണായകം. നേരിട്ട് ഇവരെ ബന്ധപ്പെട്ട് ശക്തമായ മൊഴി നല്‍കാനായില്ലെങ്കില്‍ മിനിമം ഇന്‍ഷുറന്‍സ് തുകകിട്ടാനും ബുദ്ധിമുട്ടായിരിക്കുമെന്ന് റെയില്‍വേ മുന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഏതായാലും കൂകിപ്പായുന്ന തീവണ്ടിയുടെ അകത്തും അപകടം പലമട്ടില്‍ പതിയിരിപ്പുണ്ടാകാം എന്ന് ചുരുക്കം. യാത്രക്കാരും ഒപ്പം റെയില്‍വേയും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലും ജാഗ്രതയും കാട്ടണം.

ENGLISH SUMMARY:

Malappuram man dies after train berth falls on him, train berth accident list