TOPICS COVERED

ഇന്ത്യന്‍ അത്‌ലറ്റിക്സിലെ ഇതിഹാസതാരം പി.ടി. ഉഷയ്ക്ക് ഇന്ന് 60–ാം പിറന്നാള്‍. ഉഷയോളം ട്രാക്കില്‍ നിന്ന് മലയാളത്തിന് അഭിമാനമായ മറ്റൊരു താരമില്ല. ഒളിംപിക്സ് അത്‌ലറ്റിക്സിന്‍റെ ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിത. സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിലാണ് അന്ന് മെഡല്‍ നഷ്ടപ്പെട്ടത്. ആ നേട്ടം ഉഷയുടെ മാത്രമല്ല ഇന്ത്യയുടെ മനസിലും ഇന്ന് കണ്ണീരാണ്. 

ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ റാണി, പയ്യോളി എക്സ്പ്രസ് അങ്ങനെ വിശേഷണങ്ങള്‍ പലതാണ് ഉഷയ്ക്ക്.  കുട്ടിക്കാലം മുതല്‍ സ്പ്രിന്റിങില്‍  താല്‍പര്യമുണ്ടായിരുന്ന ഉഷ കുടുംബത്തിലെ പരാധീനതകള്‍ മറികടന്നാണ് ട്രാക്കിലെ തീക്കനലായത്. ഉഷയിലെ  അത്‍ലറ്റിനെ രൂപപ്പെടുത്തിയത് പരിശീലകന്‍ ഒ.എം നമ്പ്യാരാണ്.

പയ്യോളി കടപ്പുറത്തെ മണല്‍പരപ്പില്‍ ഓടിത്തുടങ്ങിയ പെണ്‍കുട്ടി ദേശീയ സ്കൂള്‍ കായിക മേളകളില്‍ ഉള്‍പ്പെടെ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചു. 16–ാം വയസില്‍ മോസ്കോ ഒളിംപിക്സിലായിരുന്നു അരങ്ങേറ്റം.1982 മുതൽ 1998 വരെ തുടർച്ചയായി അഞ്ച് ഏഷ്യാഡുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. നാലു സ്വർണം  ഉൾപ്പെടെ ആകെ 11 മെഡലുകൾ അഞ്ചു ഏഷ്യാഡുകളിൽനിന്നുമാത്രം  നേടി. 1982ലെ ഡൽഹി ഏഷ്യാഡിൽ 100, 200 മീറ്ററുകളിൽ വെളളി നേടിയതോടെയാണ് ഉഷ രാജ്യാന്തര പ്രശസ്‌തിയിലേക്ക് ഉയർന്നത്. 

1986 സോൾ ഏഷ്യാഡ് തന്‍റെ സ്വന്തം ഏഷ്യാഡാക്കി മാറ്റിയ ഉഷ നാലു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ചു മെഡലുകൾ  നേടി മേളയുടെ റാണിയായി. അത്‌ലറ്റിക്‌സ് ലോകകപ്പ്, ലോകചാംമ്പ്യൻഷിപ്പ്, ഏഷ്യൻ ട്രാക്ക് ആന്‍റ് ഫീൽഡ്, ഏഷ്യൻ ചാംമ്പ്യൻഷിപ്പ്, സാഫ് ഗെയിംസ് എന്നീ രാജ്യാന്തരമേളകളിലും  ഉഷയുടേത് മിന്നുന്ന പ്രകടനമായിരുന്നു.   ഒളിംപിക് മെ‍ഡല്‍ മോഹിച്ച് ആഴ്ചകള്‍ക്കപ്പുറം ഇന്ത്യ പാരിസില്‍ ഇറങ്ങുമ്പോള്‍  അണിയറയില്‍ ഉഷയുമുണ്ട്. ഇന്ത്യൻ ഒളിംപിക് അസോസിസേഷൻ (ഐഒഎ) പ്രസിഡന്‍റായ ആദ്യ വനിതയും ആദ്യ മലയാളിയുമായി. 

ENGLISH SUMMARY:

P T Usha Celebrates her 60th Birthday today