മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ പക്ഷിച്ചിത്രം ഇനി ആഢംബര ഹോട്ടലിന്‍റെ ചുമരില്‍ തൂങ്ങും. കൊച്ചിയില്‍ ലേലത്തിനു വെച്ച ചിത്രം മൂന്നുലക്ഷം രൂപയ്ക്ക് വിറ്റുപോയി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് ചെയര്‍മാനുമായ അച്ചു ഉള്ളാട്ടിലാണ് ചിത്രം സ്വന്തമാക്കിയത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി പകര്‍ത്തിയ ഇലകളില്‍ ഇരിക്കുന്ന നാടന്‍ ബുള്‍ബുളിന്‍റെ ചിത്രമാണ് ലേലത്തിനു വെച്ചത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന 'പാടിപ്പറക്കുന്ന മലയാളം' എന്ന ഫോട്ടോ പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് ഈ പക്ഷിച്ചിത്രമായിരുന്നു. മമ്മൂട്ടി എന്ന് ചിത്രത്തില്‍ കയ്യൊപ്പും ചാര്‍ത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിനു പിന്നാലെ ചിത്രം ലേലത്തിനു വയ്ക്കുമെന്ന് ഇന്ദുചൂഢന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയും നിശ്ചയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയത് രണ്ടുപേര്‍. രജിസറ്റര്‍ ചെയ്ത മറ്റൊരാള്‍ സമയത്തിനെത്താത്തതിനാല്‍ പങ്കെടുക്കാനുമായില്ല. ലേലം വിളി ഉഷാറായി തുടങ്ങി.
ലേലത്തിനിടെ ചിരി പടര്‍ത്തി ലേലം നിയന്ത്രിച്ച നടന്‍ വി.കെ ശ്രീരാമന്‍റെ കമന്‍റ്. മൂന്നുലക്ഷം രൂപയില്‍ ഒടുവില്‍ ലേലം ഉറപ്പിച്ചു. ചിത്രം സ്വന്തമാക്കിയത് ലീന ഗ്രൂപ്പ് ചെയര്‍മാനും ഹോട്ടല്‍ വ്യവസായിയുമായി അച്ചു ഉള്ളാട്ടില്‍. പുതിയതായി നിര്‍മിക്കുന്ന ആഢംബര ഹോട്ടലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അച്ചു ഉള്ളാട്ടിലിനുവേണ്ടി സുഹൃത്ത് ചിത്രം കൈപ്പറ്റി. തുക ഇന്ദുചൂഢന്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും
പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഇന്ദുചൂഢന്‍റെ സ്മരാണാര്‍ഥം സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തെ കുറിച്ചറിഞ്ഞ മമ്മൂട്ടി, ചിത്രം ഫൗണ്ടേഷന് കൈമാറുകയായിരുന്നു.