കൊടും കാടിനു നടുവില്‍ പുല്ലു മേഞ്ഞ ഒരു ചായക്കടയുണ്ട് വയനാട് ചേകാടിയില്‍.  സമൂഹ മാധ്യമങ്ങളിലാകെ വൈറലായ സുകുവേട്ടന്‍റെ ചായക്കട. കോടയും തണുപ്പും കൂടെ ചൂടന്‍ ചായയും കൂടിയായതോടെയാണ് സുകുവേട്ടനും ചായക്കടയും ഹിറ്റായത്. കുറുവാ ദ്വീപിനു സമീപത്തെ ഈ ചായക്കടയിലേക്ക് ഇന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. സുകുവേട്ടന്‍റെ ചായക്കടയുടെ വിശേഷങ്ങള്‍ കാണാം.

മനോഹരമായ ഈ വനപാത കടന്നാല്‍ പിന്നെയൊരു ഗ്രാമമാണ്..ചേകാടി..ആ ഗ്രാമത്തോട് ചേര്‍ന്നാണ്  സുകുവേട്ടന്‍റെ ചായക്കട..മണ്ണുപാകിയ മതില്‍, പുല്ല് മേഞ്ഞ മേല്‍കൂര, മുന്‍ വശം കൊടും കാടും പിന്‍ വശം പച്ച വിരിച്ച വയലും...ഈ ചെറു സ്വര്‍ഗത്തിലാണ് സുകുവേട്ടന്‍ സ്നേഹത്തിന്‍റെ ചുടുചായ നല്‍കുന്നത്. 

മൂന്നു പതിറ്റാണ്ടായീ ചായക്കട തുടങ്ങിയിട്ട്, പുലര്‍ച്ചെ കോട മഞ്ഞൊക്കെ മൂടുന്ന സമയം കട തുറക്കും, റേഡിയോയില്‍ പാട്ടൊക്കെ വെച്ച് തണുത്ത കാലാവസ്ഥയില്‍ ചായ കുടിക്കാം.. വൈകുന്നേരം വരെ കട തുറന്നിരിക്കും, സുകുവേട്ടനൊപ്പം ഭാര്യ രാധയും ചേര്‍ന്നാണ് കട നടത്തുന്നത്

ചെറു മഴ കൂടിയാകുമ്പോള്‍ ചായക്കട കൂടുതല്‍ സുന്ദരിയാകും. ഗൃഹാതുരത്വം തുളുമ്പുന്ന ബെഞ്ചിലിരുന്ന് നാട്ടുവര്‍ത്താനവും പറഞ്ഞ് ചായ ആറ്റികുടിക്കാം

ചായക്കട സമൂഹ മാധ്യമങ്ങളിലാകെ വൈറലാണ്, അത് കൊണ്ട് പ്രദേശവാസികളേക്കാള്‍ കൂടുതല്‍ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കടയിലെത്തുന്നവരാരും നിരാശരായി മടങ്ങാറില്ല, അനാരോഗ്യത്തിലും സുകുവേട്ടന്‍ ചായ ഇട്ടു തരും..കാലത്തെ പോലും നോക്കു കുത്തിയാക്കിയ സുകുവേട്ടന്‍റെ ഈ ചായക്കട ഇന്ന് വയനാടിന്‍റെയും ചേകാടി ഗ്രാമത്തിന്‍റെയും വിലാസമായി മാറിയിട്ടുണ്ട്.

ENGLISH SUMMARY:

There is a grassy tea shop in the middle of a dense forest