hope-cancer-care-centre

അർബുദബാധിതരായ കുട്ടികൾക്കായി പ്രവാസി മലയാളി തുടങ്ങിയ സ്ഥാപനം 'ഹോപ്' എട്ടാം വർഷത്തിലേക്ക്. 10 മാസം പ്രായമുള്ള മകന്  അർബുദം ബാധിച്ചപ്പോഴാണ് നിർധനരായ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന്  ഹാരിസിന് ഉൾവിളി ഉണ്ടായത്. ഇതുവരെ മൂവായിരത്തിൽ അധികം കുരുന്നുകൾക്ക് ഹോപ്പ് ആശ്രയം നൽകി. 

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ യാത്ര തുടങ്ങിയത് 2016 ലാണ്. കുട്ടികളിലെ അർബുദത്തെ അതിജീവിക്കാനുളള സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പ്രവാസി മലയാളി ഹാരിസ് കാട്ടകത്തും കുടുംബവുമാണ് ആശയത്തിന് പിന്നിൽ. മകന് അർബുദം ബാധിച്ച സമയത്തുണ്ടായ  പ്രയാസങ്ങളിൽ നിന്നാണ്, സമാന ദുരിതം അനുഭവിക്കുന്ന കുരുന്നുകൾക്കും മാതാപിതാക്കൾക്കും തണലേകണമെന്ന തീരുമാനമെടുത്തത്. അങ്ങനെ  നിര്‍ധന കുടുംബങ്ങളിലെ കുരുന്നുകൾക്ക് അർബുദത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും നൽകാൻ ഹോപ്പ് ഹോംസ്, ഹോപ്പ് ക്ലിനിക്, ഹോപ്പ് കെയർ എന്നിവയ്ക്ക് തുടക്കമിട്ടു. 

 

കോഴിക്കോട്, കൊച്ചി തൃശ്ശൂർ തിരുവനന്തപുരം അടക്കം ആറിടങ്ങളിൽ ഹോപ്പ് പദ്ധതിയുടെ വീടുകൾ ഉണ്ട്. കുട്ടികൾക്കും കുടുംബത്തിനും ഈ വീടുകളിൽ താമസിച്ച് ആശുപത്രികളിൽ ചികിത്സ തേടാം. താമസം ഭക്ഷണം ഗതാഗതം എന്നിവ തീർത്തും സൗജന്യം. കുട്ടികൾക്ക് വേണ്ട മാനസിക പിന്തുണ നൽകാനും പ്രത്യേക വളണ്ടിയർമാരുണ്ട്. കൊച്ചിയിലെ വീട്ടിൽ നാലു മുറികൾ. മറ്റിടങ്ങളിൽ മുറികൾക്ക് പുറമെ, അപ്പാർട്ട്മെന്റുകൾ ആയോ ഡോർമെറ്ററി ആയോ ഉപയോഗിക്കാം. നവജാതശിശുക്കൾ മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 

 ചികിത്സ കാലയളവിൽ, കുട്ടികൾക്ക് പോഷകാഹാരവും അണുവിമുക്തമായ താമസ സൗകര്യവും ഉറപ്പ് വരുത്തുന്നുണ്ട്,  ഓരോ  ഹോപ്പ് വീടുകളും. അർബുദത്തെ അതിജീവിച്ചവർക്കും പാതിയാത്രയിൽ കൊഴിഞ്ഞുപോയവർക്കും സ്വന്തം വീട് തന്നെയാണിത്. ഹോപ്പ് ഹോംസിന്റെ സ്വീകരണമുറിയിൽ ഭദ്രമായി സൂക്ഷിക്കുന്ന  കുട്ടികൾ വരച്ച ചിത്രങ്ങളും കരകൗശല  വസ്തുക്കളും അതിനു തെളിവ്.