സൈന്യത്തോടുള്ള സ്നേഹം എങ്ങനെയൊക്കെ പ്രകടിപ്പിക്കാം? ഇന്ത്യൻ ആർമിയോടുള്ള സ്നേഹം കാരണം വീട്ടിലൊരു മ്യൂസിയമൊരുക്കിയ ബാങ്ക് മാനേജറെ പരിചയപ്പെട്ടാലോ. കാണാം കാസർകോട് ചീമേനി സ്വദേശി മധുവിന്റെ വിശേഷങ്ങൾ.

സൈനികനായി രാജ്യത്തെ സേവിക്കാനായിരുന്നു മധുവിൻറെ ആഗ്രഹം. അതിനായി റിക്രൂട്ട്മെന്റ് ക്യാംപുകളിൽ പങ്കെടുത്തെങ്കിലും ശാരീരിക ക്ഷമതാപരീക്ഷയെന്ന കടമ്പയിൽത്തട്ടി ആ സ്വപ്നം പൊലിഞ്ഞു. ജീവിതവഴിയിൽ ബാങ്ക് മാനേജരായെങ്കിലും സൈന്യത്തോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചു. ഒടുവിൽ സ്വന്തം വീട്ടിൽത്തന്നെ ഒരു മ്യൂസിയമൊരുക്കി. ഒരു വാർ മ്യൂസിയം.

വിവിധ സേനകളുമായി ബന്ധപ്പെട്ട ശേഖരങ്ങളാണിവിടെ ഒരുക്കിയിട്ടുള്ളത്. സൈനികരുടെ യൂണിഫോമുകൾ, തോക്കുകളുടെ മാതൃകകൾ, ബാഗുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, വിവിധതരം ബൂട്ടുകൾ, സ്ഥാനചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. വിരമിച്ച സൈനികോദ്യോഗസ്ഥരിൽനിന്നാണ് യൂണിഫോം ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ചത്. കാർഗിൽ, കുവൈത്ത് യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് ആൽബവും തയ്യാറാക്കിയിട്ടുണ്ട്. 

മ്യൂസിയത്തെക്കുറിച്ച് കേട്ടറിഞ്ഞ് ചിലർ ഇപ്പോൾ സാധനങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. വീട്ടിലൊരുക്കിയ മ്യൂസിയത്തിന് പരിമിതികളുള്ളതിനാൽ കാസർകോട്ട് ഒരു സ്ഥിരംമ്യൂസിയമാണ് മധുവിന്‍റെ സ്വ‌പ്നം.