സൈബര്‍ ആക്രമണങ്ങള്‍ പലരുടെയും ജീവനെടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു സെലിബ്രേറ്റിയോ കണ്ടന്‍റ് ക്രിയേറ്ററോ ഒരു പോസ്റ്റിട്ടാല്‍ അവരുടെ നിറത്തെയും വസ്ത്രത്തെയും ശരീരത്തിലെ അവയവങ്ങളെ പോലും പരിഹസിക്കുന്ന കാലത്ത്. എന്നാല്‍ ആക്രമണങ്ങളുടെ തോത് കൂടി വരുകയാണ്. ഇത്തരം സൈബര്‍ വെട്ടുകിളികളുടെ ആക്രമണത്തിന് അടുത്തിടെ ഇരയായത് നടി മീര നന്ദനാണ്. രണ്ട് ദിവസം മുന്‍പാണ് ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായത്. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് മീര നന്ദന് എതിരെ നടക്കുന്നത്.
വിവാഹത്തിന് പിന്നാലെ താരത്തിന്‍റെ ഭര്‍ത്താവിന്‍റെ സൗന്ദര്യം അളന്നുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം. ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്നും പണമാണ് വിവാഹത്തിന് ആധാരമെന്നുമെല്ലാം പറഞ്ഞ് നിരവധി ആളുകളാണ് സൈബര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ താരം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സത്യഭാമക്ക് ട്യൂഷന്‍ എടുത്ത പ്രബുദ്ധ മലയാളികളാണ് കമന്‍റ് ബോക്സില്‍ ഇത്തരം ബോഡി ഷെയിമിങ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മോശം കമന്‍റുകള്‍ ഇട്ടവരുടെ കമന്‍റ് അടക്കം വെച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്.
ആദ്യാമായല്ല ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ അത്ര വ്യാപകമല്ലാത്ത കാലത്ത് നടന്‍ പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. സുപ്രിയയ്ക്ക് പൃഥ്വിയോളം ഉയരമില്ല എന്നതാണ് അന്ന് ഇക്കൂട്ടര്‍ കണ്ടെത്തിയ കാരണം. അടുത്തിടെ വിവാഹിതരായ ജയറാമിന്‍റെ മകള്‍ മാളവിക ജയറാമിനും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിനും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നു. ഇരുവര്‍ക്കും സുന്ദരന്‍മാരായ ഭര്‍ത്താക്കന്‍മാരെ ലഭിച്ചത് പണമുള്ളത് കൊണ്ടാണ് എന്നായിരുന്നു സൈബര്‍ വെട്ടുകിളികള്‍ പറഞ്ഞിരുന്നത്.
നയന്‍താര, വിഘ്നേശ് ശിവന്‍ അടക്കമുള്ള താര ജോഡികള്‍ക്കും ഇത്തരം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സിനിമാരംഗത്തുള്ളവരെ മാത്രമല്ല വെട്ടുകിളികള്‍ ലക്ഷ്യമിടുന്നതെന്നാണ് വാസ്തവം. രാഷ്ട്രീയക്കാരും കണ്ടന്‍റ് ക്രിയേറ്റേഴ്സും ഉള്‍പ്പടെ മുന്നില്‍ കാണുന്ന എല്ലാവരും ഇത്തരക്കാരുടെ ഇരകളാണ്. കുഞ്ഞിന് അപകടം പറ്റിയപ്പോഴുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്തതും ബാലതാരമായ ദേവി നന്ദന നല്‍കിയ പരാതിയുമെല്ലാം ഇതിന് ഉദാഹരണമാണ്.