ഡോക്ടേഴ്സ് ദിനത്തിൽ തിരുവനന്തപുരത്ത് താരമായി മാറി ഇമ്മിണി ബല്യ ഒരു ഡോക്ടർ. രാജ്യത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടറെന്ന വിശേഷണമുള്ള ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ് ബരയ് ആണ് പൊക്കംകൊണ്ട് ശ്രദ്ധേയനായത്. തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ആശുപത്രി ഒരുക്കിയ ഡോക്ടർ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് ഡോ. ഗണേഷ് തലസ്ഥാനത്ത് എത്തിയത്.
കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എങ്കിലും കിട്ടുമെന്നാണ് പറയാറ്, എന്നാൽ ആഗ്രഹത്തിനൊപ്പംഉറച്ച ആത്മവിശ്വാസമുണ്ടെങ്കിൽ കുന്നും നേടിയെടുക്കാം എന്നതിന് ഉദാഹരണമാണ് ഈ കുഞ്ഞ് മനുഷ്യൻ. മൂന്നടി ഉയരമുള്ള ഡോ ഗണേഷ് ബരയ്യ നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽബിരുദധാരിയാണ്. ചെറുപ്പം മുതലേ ഡോക്ടറാകണമെന്നായിരുന്നു ഗണേഷിന്റെ ആഗ്രഹം. എന്നാൽ 72 ശതമാനം വൈകല്യമുണ്ടെന്നും അത്യാഹിത സാഹചര്യങ്ങൾ നേരിടാനാവില്ലെന്നും പറഞ്ഞ് മെഡിക്കൽ കൗൺസിൽഓഫ് ഇന്ത്യ ഗണേഷിന് പഠനാനുമതി നിഷേധിച്ചു.
നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽനിന്ന് നീതി. അങ്ങനെ, 2019ൽ ഭാവ്നഗർ ഗവ. മെഡിക്കൽ കോളജിൽ ഗണേഷ് പ്രവേശനം നേടി. ഇപ്പോൾ സർ തക്സിങ്ജി ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ് ചെയ്യുകയാണ് ഡോ. ഗണേഷ് ബരയ്യ. ഈഞ്ചയ്ക്കൽ എസ് പി മെഡിഫോർട്ട് ആശുപത്രി സംഘടിപ്പിച്ച ഡോക്റ്റർസ് ദിനത്തിലെ മുഖ്യഥിതി ആയിരുന്നുഡോ ഗണേഷ്.