Image Credit; Facebook

Image Credit; Facebook

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിൽ എൻഡിഎ സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ.  പ്രതിപക്ഷ നേതാവ് ഉണ്ടാകണ്ടായിരുന്നു എന്ന് ഇപ്പോൾ നരേന്ദ്ര മോദി ആഗ്രഹിക്കുന്നുണ്ടാകുമെന്നും രാജ്യവും ഒരു മതവും ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന്  ഭരണപക്ഷത്തെ നോക്കി രാഹുല്‍ തുറന്നടിച്ചിരുന്നു. ഹിന്ദുക്കളെ അധിക്ഷേപിച്ചെന്ന് വ്യാഖ്യാനിച്ച നരേന്ദ്രമോദിയും അമിത് ഷായും, രാഹുല്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷം ഒന്നായി എഴുന്നേറ്റപ്പോഴും, ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കും മോദിക്കുമല്ലെന്ന് ആവര്‍ത്തിച്ച്, രാഹുല്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു.  

പരമശിവന്‍റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് പ്രസംഗം ആരംഭിച്ചത്. അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെയും ചിഹ്നം. ആരെയും ഭയക്കരുത് എന്ന സന്ദേശമാണ് അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നതെന്ന് പറഞ്ഞ രാഹുല്‍  എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്‍റെയും മതമാണെന്നും പറഞ്ഞു. എന്നാല്‍ ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു എന്ന് ഭരണപക്ഷത്തെനോക്കി പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതോടെ രാഹുല്‍ഗാന്ധി മുഴുവന്‍ ഹിന്ദു സമൂഹത്തെയും അധിക്ഷേപിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എഴുന്നേറ്റു. രാഹുല്‍ മാപ്പ് പറയണം എന്ന് ഭരണപക്ഷത്തു നിന്ന് ആവശ്യമുയർന്നു. 

എന്നാല്‍ നരേന്ദ്രമോദിയും ബിജെപിയും ആര്‍എസ്എസും അല്ല രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും പ്രതിനിധികളെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. അയോധ്യയിലെ സാധാരണ ജനങ്ങളോട് ചെയ്ത ദ്രോഹം മൂലമാണ് അവിടെ ബിജെപി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിക്ക് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ബിജെപിയുടെ തോല്‍വി ശ്രീരാമന്‍റെ സന്ദേശമാണ്. 

താങ്കളുടെ ഓരോ നിലപാടും ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കും എന്ന് സ്പീക്കറെ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പ്രതിപക്ഷം ശത്രുക്കളല്ലെന്നും സര്‍ക്കാരുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Rahul Mamkootathil facebook post about rahul gandhi speech in parliament