cricket-sisters

TOPICS COVERED

രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി മൂന്നു മലയാളി സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ കളിക്കാനിറങ്ങുന്നു. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലാണ് വയനാട് സ്വദേശിനികളുമായ മൂവർ സംഘം ഇടംപിടിച്ചത്. ശ്രീലങ്കയിൽ ഈ മാസം പത്തൊൻപതിന് തുടങ്ങുന്ന വിമൻസ് ടി20 ഏഷ്യാ കപ്പ് ടീം അംഗങ്ങളാണ് മൂന്നുപേരും.

 

റിതിക്ക രജിത് , റിനിത രജിത്, റിഷിത രജിത് .  വിമൻസ് ടി20 ഏഷ്യാ കപ്പിൽ ഒരുമിച്ചിറങ്ങി ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് സുൽത്താൻ ബത്തേരി സ്വദേശികളായ ഈ സഹോദരിമാർ.  കഠിനപരിശ്രമത്തിന് ഫലം കിട്ടിയ സന്തോഷത്തിലാണ് മൂവരും. വീട്ടിലെ ഒത്തൊരുമ കളിക്കളത്തിലും ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയിൽ 19ന് തുടങ്ങുന്ന വിമൻസ് ടി20 ഏഷ്യ കപ്പിനായുള്ള പരിശീലനത്തിലാണ് ഇവർ.  നേപ്പാളുമായാണ് ആദ്യ ഏറ്റുമുട്ടൽ. 21നാണ് മൂവരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഇന്ത്യയുമായുള്ള മൽസരം. റിനിതയും റിഷിതയും 2023ൽ അണ്ടർ19 വേൾഡ് കപ്പിൽ ഇന്ത്യക്ക് എതിരെ കളിച്ചിട്ടുണ്ട്.  

യുഎഇ ദേശീയ വനിതാ ടീമിലെ 15ൽ പേരിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും ഇന്ത്യക്കാരാണെന്നതും മൽസരത്തെ ശ്രദ്ധേയമാക്കും. റിനിത ബാറ്റിങ്ങിൽ തിളങ്ങുമ്പോൾ,, റിഷിതയും റിതികയും ബൗളിങ് ഓൾറൗണ്ടർമാരാണ്. ബാഡ്മിന്റൺ താരങ്ങളായിരുന്ന മൂന്നുപേരും കോവിഡ് കാലത്താണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. വൈകാതെ ക്രിക്കറ്റിനെ കൈപ്പിടിയിൽ ഒതുക്കി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ ഡവലപ്മെന്റ് ക്യാംപിൽ പങ്കെടുത്തതാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ പ്രായംകുറഞ്ഞ അമ്പെയറും  ലെവൽ–1 കോച്ചുമാണ് റിതിക. ഐസിസിയുടെ ലെവൽ–1 ക്രിക്കറ്റ് പരിശീലക സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ക്രിക്കറ്റിലെ ഇഷ്ടതാരങ്ങളെക്കുറിച്ചും വനിതക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുമെല്ലാം മൂവരും സംസാരിച്ചു. വയനാട് ജില്ലാ ടീമിന് വേണ്ടി കളിച്ചിരുന്നു അച്ഛൻ രജിത്താണ് ക്രിക്കറ്റിലെ ആദ്യ ഗുരു. എല്ലാപിന്തുണയുമായി അമ്മ രഞ്ജിനിയും ഒപ്പമുണ്ട്. ഡമാകിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്ത് വരികയാണ് കൂട്ടത്തിലെ മൂത്തയാളായ റിതിക. പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിന് ചേരാനിരിക്കുകയാണ് രണ്ടാമത്തെ ആളായ റിനിത. ഷാർജ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് റിഷിത.  യുഎഇയ്ക്കുവേണ്ടി രാജ്യാന്തര കിരീടം സ്വന്തമാക്കുക എന്നതിൽ കുറഞ്ഞതൊന്നും ഇവരുടെ സ്വപ്നങ്ങളിലില്ല. അതിനായുള്ള കഠിനപരിശ്രമത്തിലാണ് മൂവരും.