cctv-bus

ബുധനാഴ്ച വൈകുന്നേരം, സമയം അഞ്ച് മണി കഴിഞ്ഞു, ആറാട്ടപ്പുഴ പത്തനംതിട്ട  വെട്ടിയാട്–തളത്തട്ട് റൂട്ടിലെ  അനിഴം ബസിന്‍റെ ഡ്രൈവിങ് സീറ്റില്‍ നിന്ന് ചാടി ഇറങ്ങി ഓടുമ്പോള്‍ നൗഫലിന്‍റെ മനസിലൂടെ ആദ്യം മിന്നി മറിഞ്ഞ് ഒറ്റ കാര്യം മാത്രം, തൊട്ടുമുന്നില്‍ അപകടത്തില്‍ വീണു കിടക്കുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക, ആദ്യം വന്ന കാറിന് കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ പോയതോടെ വേറെ ഒന്നും നോക്കിയില്ല,തിരികെ ബസിനുള്ളിലേക്ക് ഓടി കയറി,സ്ഥിരം റൂട്ടിലെ  ട്രിപ്പിനെക്കാളും  ഇപ്പോള്‍ വില ആ മനുഷ്യ ജീവന് തന്നെയാണെന്നുള്ള  ചിന്തയോടെ നൗഫല്‍ ബസ് എടുത്തു, ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിച്ച് റോഡില്‍ വീണ് പരുക്കേറ്റയാളെ ഇതിനോടകം നാട്ടുകാര്‍ ബസിലേക്ക് കയറ്റി. 

‘ട്രിപ്പിനെക്കാളും ഇപ്പോള്‍ വില ആ മനുഷ്യ ജീവന് തന്നെ’

 

യാത്രക്കാരും കണ്ടക്ടറും ഒരെ സ്വരത്തില്‍ പറഞ്ഞു ‘നൗഫലെ വണ്ടി ആശ്രുപത്രിയിലേക്ക് പോകട്ടെ’. ഡബിള്‍ ബെല്ലടിക്കാന്‍ നോക്കിയിരുന്നില്ല, ഫസ്റ്റും സെക്കന്ഡും.തേര്‍ഡും മാറി നൗഫല്‍ എന്ന സാരഥി അനിഴം ട്രാവല്‍സുമായി പാഞ്ഞു. നേരെ ആശുപത്രിയിലേക്ക്. ട്രാഫിക് സിനിമ കണ്ട് നെഞ്ചിടിച്ച യാത്രക്കാര്‍ പലരും ആ ബസില്‍ ഇരുന്ന് ഒന്ന് നെഞ്ചിടിച്ചു, ഒരു ജീവന്‍ രക്ഷിക്കാനായിട്ടുള്ള നൗഫലിന്‍റെ ആ പാച്ചില്‍ കണ്ടിട്ട്, വളയം പിടിച്ച ആ കൈ ഒരു ജീവനാണ് കൃത്യസമയത്ത് രക്ഷിച്ചത്.

ട്രാഫിക് സിനിമ കണ്ട് നെഞ്ചിടിച്ച യാത്രക്കാര്‍ പലരും ആ ബസില്‍ ഇരുന്ന് ഒന്ന് നെഞ്ചിടിച്ചു

‘ബസിനെ ഓവര്‍ടേക്ക് ചെയ്ത് പോയ ബൈക്ക് മറ്റൊരു ബൈക്കിനിട്ട് ഇടിക്കുകയായിരുന്നു, സംഭവം നടന്ന ഉടനെ ഞാന്‍ ബസ് നിര്‍ത്തി ഓടിചെന്നു, ആ സമയത്ത് അതിലെ പോയ കാറിന് കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല, പിന്നെ ഒന്നും നോക്കിയില്ല , നേരെ അപകടത്തില്‍പ്പെട്ട ചേട്ടനെ ബസില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു .കണ്ടക്ടർ സുനിലേട്ടനും യാത്രക്കാരും ആശുപത്രിയിലേക്ക് പോകുന്ന കാര്യത്തില്‍ സപ്പോര്‍ട്ടായിരുന്നു, അല്ലേലും ട്രിപ്പിനെക്കാളും വില മനുഷ്യ ജീവനല്ലെ സാറെ..’ നൗഫലിന്‍റെ വാക്കുകള്‍