വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്ക് ദിവ്യ എസ് അയ്യരുടെ മറുപടി.  ‘വെറുതേ ഒരു ഭാര്യ അല്ല’എന്ന കാപ്ഷനോടെ ഭര്‍ത്താവ് ശബരീനാഥനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് വിഴിഞ്ഞം സിപോര്‍ട്ട് എം.ഡി ദിവ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് . 

ഒരു കോണ്‍ഗ്രസ് നേതാവിന്‌റെ ഭാര്യ കൂടിയായ ദിവ്യ മുഖ്യമന്ത്രിയെ പുകഴ്‌ത്തി നടത്തിയ പരാമര്‍ശം  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു .സോഷ്യല്‍മീഡിയ ഹാന്ഡിലുകളിലെല്ലാം ദിവ്യക്കെതിരെ കടുത്ത തോതിലുള്ള വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നു.അതേസമയം സിപിഎം പ്രവര്‍ത്തകര്‍ ദിവ്യയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്ന ദിവ്യയുടെ പരാമര്‍ശമാണ് ഒരു പക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്. 

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ.സരിന്‍  ദിവ്യക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞ  ദിവസം വാര്ത്താ  തലക്കെട്ടുകളായിരുന്നു. ‘പ്രിയപ്പെട്ട ദിവ്യ, കടലാസില്‍ ഒതുങ്ങാതെ പുറലോകം കണ്ട ഒട്ടനവധി പദ്ധതികള്‍  കേരളത്തില്‍ മുന്‍പും നടപ്പാക്കിയിട്ടുണ്ട്. ഒന്നുമാത്രം പറയാം, മുന്‍പും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ചു നോക്കിയാല്‍ മതി പറഞ്ഞുതരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍. പ്രായവും അനുഭവവും ചെറുതായത് കൊണ്ടാണ് ഇത്തരം ധാരണാ പിശകുകള്‍ ഉണ്ടാകുന്നത്.ദിവ്യ തിരുത്തുമല്ലോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെ സരിന്‍ ഉന്നയിച്ച ചോദ്യം. 

എന്നാല്‍ തന്റെ പരാമര്‍ശം തിരുത്തില്ലെന്നു മാത്രമല്ല തിരുത്തേണ്ടതല്ല തന്റ ഉറച്ചനിലപാട് എന്നുകൂടി പറഞ്ഞുവക്കുകയാണ് ദിവ്യ ഈ മറുപടിയിലൂടെ. കൃത്യമായ കാഴ്ചപ്പാടും ധാരണയുമുള്ള വ്യക്തിയാണെന്നും അതുതന്നെയാണ് വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിനിടെ പറഞ്ഞതെന്നുകൂടി വ്യക്തമാക്കുകയാണ് ദിവ്യ.  ഈ പോസ്റ്റിനു താഴെയും കമന്റുകളുടെ ബഹളമാണ്. വ്യക്തമായ നിലപാടിനു സല്യൂട്ട് എന്ന തരത്തില്‍  പിന്തുണച്ചും ശബരീനാഥനെ ഉള്‍പ്പെടെ വിമര്‍ശിച്ചും പല തരത്തിലുള്ള കമന്റുകളാണ് ഇവിടെയും കാണുന്നതും. ഏതായാലും ഈ മറുപടിയിലൂടെ  വിമര്‍ശകരുടെ വായടപ്പിച്ചു എന്നു പറയുന്നവരും നിരവധിയാണ്. 

Divya S Iyer's response to the criticism Tthat she faced for her remarks about Chief Minister Pinarayi Vijayan during the trial run inauguration of the Vizhinjam port project.:

Divya S Iyer's response to the criticism Tthat she faced for her remarks about Chief Minister Pinarayi Vijayan during the trial run inauguration of the Vizhinjam port project. Vizhinjam Seaport MD Divya shared a picture of herself with her husband Sabrinathan on social media with the caption 'Not just a wife'.