99-fllod-hd

TOPICS COVERED

കൊല്ലവര്‍ഷം 1099 ലെ കര്‍ക്കിടകം. പതിവുപോലെ കേരളത്തില്‍ കാലവര്‍ഷമെത്തി. കാലവര്‍ഷം തുടങ്ങിയപ്പോള്‍ വലിയ മഴയൊന്നുമില്ലായിരുന്നു. എന്നാല്‍ ജൂലൈ പകുതിയായപ്പോഴേക്കും കഥമാറി, മഴയുടെ രൂപം മാറി. ജൂലൈ 16 ഓടുകൂടി പേമാരിയായി. രണ്ടാഴ്ചയിലേറെയാണ് മഴ തിമിർത്തുപെയ്തത്. തുള്ളിക്കൊരുകുടമായി പെയ്ത മഴയില്‍ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മൂന്നാം പക്കം പ്രളയ ജലം മൂന്നാറിലുമെത്തി എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

flood99-02

മുതിരപ്പുഴയാര്‍ കരകവിഞ്ഞപ്പോള്‍; ഇരുവശത്തും ഉണ്ടായിരുന്ന തേയില ഫാക്ടറികളും ഒലിച്ചുപോയി

കേരളത്തെ കണ്ണീരിലാഴ്ത്തിയ കര്‍ക്കിടകമായിരുന്നു അത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്താണെന്ന് ചോദിച്ചാല്‍ പഴമക്കാര്‍ പറയുമായിരുന്നു അത് 99ലെ വെള്ളപ്പൊക്കമാണെന്ന്. നഷ്ടക്കണക്കുകള്‍ രേഖപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത്, അതിജീവിച്ചവരുടെ ദുസ്വപ്നം പോലുള്ള ഓര്‍മകളിലും അവര്‍ പകര്‍ന്നു നല്‍കിയ നൊമ്പരപ്പെടുത്തുന്ന കഥകളിലും മാത്രമായിരുന്നു കണക്കുകള്‍‌ ഉണ്ടായിരുന്നത്. ആ വെള്ളപ്പൊക്കം അവരുടെ ജീവിതത്തെയും രണ്ടായി ഭാഗിച്ചു; വെള്ളപ്പൊക്കത്തിന് മുന്‍പും ശേഷവും; ആ 99ന് ഇന്ന് 100 വയസ്.

കായൽ ഭൂമിയായ കുട്ടനാടിനെയും സമുദ്ര നിരപ്പിൽ നിന്ന് 6,500 അടി ഉയരമുള്ള മൂന്നാറിനെയും മുക്കിയ പ്രളയത്തെകുറിച്ചാണ് പറഞ്ഞുവരുന്നത്. മൂന്നാറിനെ മുക്കിയെന്നല്ല, ഒന്നാകെ തുടച്ചുനീക്കി‌യെന്ന് പറയണം. അങ്ങിനെയാണ് 99ലെ വെള്ളപ്പൊക്കത്തിന്‍റെ കഥ മൂന്നാറിന്‍റെ കഥകൂടിയാകുന്നത്.

99ന്‍റെ കഥ മൂന്നാറിന്‍റെയും...

ഇന്നത്തെ മൂന്നാറല്ലായിരുന്നു അത്, റെയിൽപാതയും റെയിൽവേ സ്റ്റേഷനും റോപ്‌വേയും റോഡുകളുമുള്ള മൂന്നാര്‍. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ടെലിഫോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമായി ഒരു പട്ടണം. ആ മൂന്നാറാണ് പ്രളയത്തില്‍ ഇല്ലാതായത്. 

munnar-hill-train

ബ്രിട്ടീഷ് കാലത്തെ മൂന്നാര്‍ ഹില്‍ ട്രെയിന്‍

ജൂലൈ പകുതിയോടെ മൂന്നാറിലും കാലവര്‍ഷം ശക്തി പ്രാപിച്ചു. ഒൻപതു ദിവസം തോരാമഴ. മനുഷ്യ നിര്‍മിത അണക്കെട്ടുകള്‍ ഇല്ലാതിരുന്ന മലയിടുക്കുകളില്‍ പ്രക‍ൃതി അണകെട്ടി. കുത്തിയൊലിച്ചുവന്ന മരങ്ങളുള്‍പ്പടെ ചേര്‍ന്ന് സ്വാഭാവിക ബണ്ടുകളുണ്ടായി. ഉരുള്‍പൊട്ടി ഒഴുകിയ മരങ്ങള്‍ അടിഞ്ഞുകൂടി ഇന്നത്തെ മാട്ടുപ്പെട്ടി അണക്കെട്ട് സ്ഥിതിചെയ്യുന്നിടത്ത് ബണ്ട് രൂപപ്പെട്ടതിലാണ് പ്രളയത്തിന്‍റെ തുടക്കം. ഉരുള്‍പൊട്ടിയ ജലം ഇതില്‍ തങ്ങിനിന്നു. ഭാരം താങ്ങാനാകാതെ ബണ്ട് തകര്‍ന്നു. ഇരച്ചെത്തിയ പ്രളയജലം തുടച്ചുനീക്കിയത് പഴയ മൂന്നാര്‍ പട്ടണത്തെ.

flood99-03

1924 ൽ മൂന്നാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന പാലം

ഇപ്പോഴത്തെ ഹെഡ്‌വർക് ഡാമുള്ള സ്ഥലത്ത് മറ്റൊരു ബണ്ട് രൂപപ്പെടുന്നതില്‍ നിന്ന് രണ്ടാം പ്രളയം. മലമുകളില്‍ നിന്നും മഴവെള്ളം ഇതിലേക്ക് ഒലിച്ചിറങ്ങി. പഴയ മൂന്നാറിനു സമീപത്ത് 1000 ഏക്കറോളം സ്ഥലം തടാകമായി. ടീ ഫാക്ടറിയും വർക്‌ഷോപ്പും കണ്ണൻദേവൻ കമ്പനിയുടെ ഡിപാർട്മെന്‍റ് സ്റ്റോറും മുങ്ങി. ആറാം ദിവസം ബണ്ട് പൊട്ടി. പള്ളിവാസലില്‍ ഇരുന്നൂറ് ഏക്കറോളം ഒറ്റയടിക്ക് ഒഴുകിപ്പോയി. 150 അടി ഉയരത്തിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു. മൂന്നാറിന് 10 കിലോമീറ്റർ ചുറ്റളവിലാണ് വെള്ളം പൊങ്ങിയത്. പലവട്ടം ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായി. നദികൾ ഗതിമാറിയൊഴുകി. പ്രകൃതി ഭംഗിയെയും പ്രളയം കവര്‍ന്നു. കരിന്തിരി മലയും പഴയ ആലുവ–മൂന്നാർ രാജപാതയും ഒലിച്ചുപോയി. മൂന്നാറിലെ റെയിൽപാളങ്ങൾ തകർന്നു. വീടുകളും അപ്പാടെ ഒഴുകിപ്പോയി.

പ്രളയശേഷം മൂന്നാര്‍

രണ്ടാഴ്ചയ്ക്കു ശേഷമാണ് മൂന്നാറിൽ നിന്ന് പ്രളയജലം പൂർണമായും ഇറങ്ങിയത്. പിന്നീട് പഴയ മൂന്നാറിൽനിന്നും ഒരു കിലോമീറ്റർ അകലെ നിര്‍മിച്ചതാണ് ഇന്നത്തെ മൂന്നാർ പട്ടണം. പ്രളയത്തിൽ ഒലിച്ചുപോയ പഴയ കൊച്ചി– മൂന്നാർ റോഡിന്റെ സ്ഥാനത്ത് പുതിയ റോഡ് വന്നു. എന്നാൽ, മൂന്നാറിലെ റെയിൽപ്പാത പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. 

മൂന്നാറില്‍ മാത്രമല്ല!

flood99-04

എറണാകുളം പറവൂർ വടക്കേക്കര പുതിയകാവ് ദേവീക്ഷേത്രത്തിന്റെ ഊട്ടുപുരഭിത്തിയിൽ 1924 ലെയും 2018 ലെയും പ്രളയത്തിൽ വെള്ളം ഉയർന്നത് രേഖപ്പെടുത്തിയിരിക്കുന്നു

മൂന്നാറിനെ മാത്രമല്ല പ്രളയം ബാധിച്ചത്. അന്നത്തെ തിരുവതാംകൂറിലും മലബാറിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 20 അടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. ആലപ്പുഴ മുഴുവനായും എറണാകുളം ജില്ലയുടെ നാലിൽ 3 ഭാഗവും വെള്ളത്തിൽ മുങ്ങിയതായി പറയപ്പെടുന്നു. പുഴകളിലൂടെ മനുഷ്യരുടേയും മൃഗങ്ങളുടേയും മൃതദേഹങ്ങൾ ഒഴുകിനടന്നു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.

കോഴിക്കോട്, ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞു. കല്ലായിപ്പുഴ പാലത്തിന്റെ ഗർഡറുകൾ മുങ്ങി. റെയിൽപ്പാളങ്ങൾ തകർന്ന് ട്രെയിൻ ഗതാഗതം നിലച്ചു. ഉയർന്ന പ്രദേശങ്ങളിൽ പോലും വെള്ളം കയറി. കൃഷിനശിച്ചു. നിലമ്പൂർ കോവിലകത്തെ രണ്ട് ആനകൾ ഒഴുകിപ്പോയതായും പറയപ്പെടുന്നു. പാലങ്ങള്‍ പലതും തകര്‍ന്നു. താമരശ്ശേരി, പെരിയ, നാടുകാണി ചുരങ്ങളില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. കല്ലായിയിലെ തടി ഡിപ്പോകളിൽ നിന്ന് ലക്ഷങ്ങളുടെ തടികളാണ് ഒഴുകിപ്പോയത്. 

കുട്ടനാട്ടിലെ സ്ഥിതി ഭീകരമായിരുന്നു. വേമ്പനാട്ടുകായലില്‍ തുടങ്ങി തോടുകളില്‍ വരെ വെള്ളമുയർന്നു. ജനവാസമേഖലകൾ വെള്ളത്തിനടിയിലായി. കിഴക്കൻ നദികളില്‍ നിന്ന് പ്രളയജലം ഒഴുകിയെത്തി. കടൽക്ഷോഭം മൂലം കടൽവെള്ളം തിരിച്ചുകയറാന്‍ തുടങ്ങി. അക്ഷരാര്‍ഥത്തില്‍ കുട്ടനാട് മുങ്ങാന്‍ തുടങ്ങുകയായിരുന്നു.

കുറിച്ചുവയ്ക്കാന്‍ കഴിയാത്ത നഷ്ടക്കണക്കുകള്‍

flood99-05

99ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ഫാക്ടറികളും മുങ്ങിയപ്പോള്‍

20–ാം നൂറ്റാണ്ടിലെ മഹാപ്രളയമായാണ് 99 ലെ വെള്ളപ്പൊക്കെത്തെ കണക്കാക്കുന്നത്. മരിച്ചവരുടെ എണ്ണവും നാശനഷ്ടവും കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. പ്രളയത്തിൽ എത്ര പേർ മരിച്ചെന്നോ എത്ര കോടിയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നോ കൃത്യമായ കണക്ക് ആർക്കുമറിയില്ല. വാർത്തകളും പ്രളയത്തെ അതിജീവിച്ചവരുടെ ഓർമകളും മാത്രമാണ് അവശേഷിക്കുന്നത്.

മരണത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല നാശനഷ്ടങ്ങളുടെ കണക്ക്. കൃഷിഭൂമിയും വീടും നഷ്ടപ്പെട്ട് പതിനായിരങ്ങളാണ് അഭയാര്‍ഥികളായി മാറിയത്. ജനവാസമേഖലകൾ പലതും പൂർണമായും ഇല്ലാതായി. പ്രളയം ജലം തിരിച്ചിറങ്ങിയപ്പോഴും പട്ടിണിയും രോഗങ്ങളും ജനജീവിതം ദുരിതപൂര്‍ണമാക്കി മാറ്റി.

കേരളചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് അന്ന് പെയ്തൊഴിഞ്ഞത്. ബ്രിട്ടീഷുകാരുടെ കണക്കനുസരിച്ച് ജൂലൈയിൽ ആകെ 485 സെന്റീമീറ്റർ മഴയാണ് അന്ന് പെയ്തത്. അതില്‍ ജൂലൈ 16ന്, ഒറ്റ ദിവസം കൊണ്ട് ഇടുക്കിയിൽ മാത്രം പെയ്തത് 31.7 സെന്റിമീറ്റർ മഴയായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിന് ശേഷം 1939, 1961, 2018 വർഷങ്ങളിലാണ് പിന്നീട് കേരളത്തിൽ വലിയ പ്രളയം ഉണ്ടായത്.

ENGLISH SUMMARY:

100 years since 1924 Flood..