OperationAnanthaHD

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം. അഗ്നിശമന സേനയുടെ സ്കൂബാസംഘം നടത്തിയ സാഹസിക തിരച്ചിലിനൊടുവിൽ പക്ഷെ ലഭിച്ചത് ജോയിയുടെ മൃതദേഹം. ആരാണ് ഈ മരണത്തിന് ഉത്തരവാദി?.

 

ജോയിയുടെ മരണത്തിൽ കോർപറേഷനും റെയിൽവേയും പരസ്​പരം പഴി ചാരുമ്പോൾ 2015ൽ തിരുവനന്തപുരത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ അനന്ത വീണ്ടും ചർച്ചകളിലേക്കുയരുകയാണ്. എന്താണ് ഓപ്പറേഷൻ അനന്ത? ഈ പദ്ധതി അനന്തമായി നീളാൻ കാരണമെന്തായിരുന്നു? എങ്ങനെയാണ് ഇത് ഒരു മനുഷ്യൻറെ മരണത്തിലേക്ക് നയിച്ചത്? തിരുവനന്തപുരം നഗരത്തിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തിലാണ് 2015ൽ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ഓപ്പറേഷൻ അനന്ത പദ്ധതിക്കു രൂപം നൽകിയത്. കയ്യേറ്റങ്ങളും തടസ്സങ്ങളും ഒഴിവാക്കി കനാലുകളും കാനകളും പരിശോധിച്ചു വൃത്തിയാക്കിയെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മന്ത്രിമാരുടെ ഇടപെടൽ ഉണ്ടാകരുത് എന്ന് പറഞ്ഞാണ് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും തിരുവനന്തപുരം കളക്ടർ ബിജു പ്രഭാകറും പദ്ധതിക്കായി ഇറങ്ങിതിരിച്ചത്.

മൂന്ന് ഘട്ടങ്ങളായാണ് ഓപ്പറേഷൻ അനന്ത രൂപകൽപന ചെയ്​തത്. ഇതിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കി. തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂർ, കിഴക്കേകോട്ട, ചാല, പഴവങ്ങാടി പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഈ ടീം പ്രവർത്തിച്ചു. എന്നാൽ ഓപ്പറേഷൻ അനന്ത ഒട്ടും എളുപ്പകരമായിരുന്നില്ല. നിയമപ്രശ്​നങ്ങളും നാട്ടുകാരുടെ പ്രതിഷേധങ്ങളും സർക്കാരിന് നേരിടേണ്ടിവന്നു. ദൗത്യത്തിനിടെയുള്ള മെല്ലെപ്പോക്കും ജനങ്ങൾക്ക് ദുരിതം സമ്മാനിക്കും വിധം മാസങ്ങളോളം പലയിടത്തും പണി നിർത്തിവച്ചതും പൊതുജന പ്രതിഷേധത്തിലേക്ക് വഴിവച്ചിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി എസ്എസ് കോവിൽ റോഡ് മണ്ണിട്ട് ഉയർത്തിയ ശേഷം ടാർ ചെയ്യാൻ ശ്രമിച്ചപ്പോഴാണു ഓപ്പറേഷൻ അനന്തയ്ക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നത്. 23 July 2015 പദ്ധതിക്കായി ഇറങ്ങിത്തിരിച്ച ചീഫ് സെക്രട്ടറിയെ അന്ന് നിയമസഭയിൽ വച്ച് വി.ശിവൻകുട്ടി രൂക്ഷഭാഷയിൽ വിമർശിച്ചു. ആരോട് ആലോചിച്ചിട്ടാണ് ചീഫ് സെക്രട്ടറി ഇതിന് ഇറങ്ങിത്തിരിച്ചത് എന്നാണ് ശിവൻകുട്ടി സബ്മിഷനിൽ ചോദിച്ചത്. ബുൾഡോസറും ജെ.സി.ബിയുമായി ഇറങ്ങി നഗരം മുഴുവൻ കുട്ടിച്ചോറാക്കുകയാണെന്ന് പറഞ്ഞ ശിവൻകുട്ടി ഇനി ഈ രീതി തുടരാനാണ് ഭാവമെങ്കിൽ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ എതിർപ്പുകളേയും തടസങ്ങളേയും മറികടന്നു ഓപ്പറേഷൻ അനന്തയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. 26 കിലോമീറ്റർ ഓടകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പഴയ വീതിയിലേക്ക് കൊണ്ടുവന്നു. തമ്പാനൂർ ചൈത്രം ഹോട്ടലിനു മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന ഓടയും റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിലൂടെ പവർഹൗസ് ടിക്കറ്റ് കൗണ്ടർ കടന്നു പോകുന്ന ഓടയും ശുചിയാക്കി. ഇതോടെ തമ്പാനൂരിലെ വെള്ളക്കെട്ടിനു ശമനം ഉണ്ടായി. രണ്ട് ഓടകളിൽനിന്നും മണ്ണും മാലിന്യവുമായി 800 ലോഡാണു നീക്കം ചെയ്തത്. ഒപ്പം സമീപത്തെ ഒട്ടേറെ ഓടകളിലെ മാലിന്യങ്ങളും നീക്കം ചെയ്തു. പതിറ്റാണ്ടുകളായി തമ്പാനൂരിലെ ശാപമായി തുടർന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചത് വലിയനേട്ടമായി. 2018ലെ കനത്ത മഴയിൽ നഗരത്തെ പ്രളയക്കെടുതിയിൽ നിന്നും ഒരു പരിധി വരെ രക്ഷിച്ചത് ഓപ്പറേഷൻ അനന്തയായിരുന്നു. 2016ൽ സർക്കാർ മാറിയതോടെയാണ് ഓപ്പറേഷൻ അനന്ത നിലച്ചത്.

പണം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മിക്ക കോൺട്രാക്ടർമാരും മെല്ലെപ്പോക്കുനയം സ്വീകരിച്ചതോടെ ഓപ്പറേഷൻ അനന്ത ഇഴഞ്ഞു. വിവിധ വകുപ്പുകളും കോർപറേഷനും തമ്മിൽ ഏകോപനമുണ്ടായില്ല. ഓപ്പറേഷൻ അനന്തയുടെ രണ്ടാം ഘട്ടം നടപ്പാക്കണമെന്ന ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തില്ല. 2017 ജൂണിൽ അന്നത്തെ ജില്ലാ കലക്ടർ എസ്.വെങ്കിടേസപതി നൽകിയ ശുപാർശ ഇപ്പോഴും റവന്യു വകുപ്പിൽ പൊടിപിടിച്ചു കിടക്കുന്നു. ഒറ്റമഴയിൽ തന്നെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടാവും. മഴ ശക്തമാകുമ്പോൾ സ്ഥിതി ഗുരുതരമാകും. എന്നിട്ടും അനന്തയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ സർക്കാർ മടിച്ചു. പലരുടെയും അനധികൃത നിർമാണങ്ങൾ തെറിക്കുമെന്ന് ഉറപ്പായതിനാൽ രാഷ്ട്രീയ–ഉദ്യോഗസ്ഥ കൂട്ടുകെട്ടും ഓപ്പറേഷൻ അനന്തക്ക് വേലിക്കെട്ട് തീർക്കുന്നുണ്ട്. ഒടുവിൽ രണ്ടാം ഘട്ടം സർക്കാർ ഉപേക്ഷിച്ച മട്ടായി. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം ഓപ്പറേഷൻ അനന്ത തുടരാൻ ആലോചനയുണ്ടോ എന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അതൊക്കെ അന്നത്തെ പ്രോജക്ട്, അതൊക്കെ തീർന്നല്ലോ, ഇനി പുതിയ പ്രോജക്ടല്ലേ?’ എന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി. ഓപറേഷൻ അനന്ത വിജയകരമായി പൂർത്തിയാക്കിയിരുന്നെങ്കിൽ ആമയിഴഞ്ചാൻ തോടും മാലിന്യം നീക്കി വൃത്തിയാക്കിയേനെ. ജോയിയെ പോലുള്ളവർക്ക് പ്ലാസ്റ്റിക് നിറ‍ഞ്ഞ് അപകടകരമായ സാഹചര്യത്തിൽ ശുചീകരണത്തിനു ഇറങ്ങേണ്ടി വരില്ലായിരുന്നു. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ സകലമാലിന്യങ്ങളും തള്ളപ്പെടുന്ന ആമയിഴഞ്ചാൻ തോട്ടിലേക്ക് ജോയിക്ക് ഉപജീവനത്തിനായി യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ഇറങ്ങേണ്ടി വന്നതുതന്നെ മനുഷ്യത്വ വിരുദ്ധതയാണ്. ജോയിയെ പോലെയുള്ള ശുചീകരണ തൊഴിലാളികൾക്ക് മതിയായ ശമ്പളമോ ആനുകൂല്യങ്ങളോ സുരക്ഷ ഉപകരണങ്ങളോ ഇല്ല. ആരാണ് ഇതിന് മുൻകൈ എടുക്കേണ്ടത്. തൊഴിലാളികളേയും തൊഴിലവകാശങ്ങളേയും പറ്റി സർക്കാരിന് ബോധമുണ്ടാവേണ്ടത് ഒരു ജീവൻ പോയതിന് ശേഷമല്ല. സർക്കാർ സംവിധാനങ്ങളുടെ ഇഴച്ചിലും അഴിമതിയും മാത്രമല്ല, ആത്യന്തികമായി ജനങ്ങൾ കൂടി മാറേണ്ടതുണ്ട്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നാപ്​കിനുൾപ്പെടെ തോട്ടിലേക്ക് വലിച്ചെറിഞ്ഞവർ കൂടി ജോയിക്ക് സംഭവിച്ച അപകടത്തിന് ഉത്തരവാദികളാണ്.

ENGLISH SUMMARY:

failure of Operation Ananta the cause of Joy's death?