Fire-Force-in-Kerala

TOPICS COVERED

‌തീ പിടിത്തം, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി ഏത് അടിയന്തര സാഹചര്യത്തിലും സൈറൺ മുഴക്കി നമ്മുടെ രക്ഷയ്ക്കായി ഓടിയെത്തുന്നവർ. ജീവൻ പോലും പണയം വെച്ച് മറ്റുള്ളവര്‍ക്കായി കൈ മെയ് മറന്നു പ്രവർത്തിക്കുന്നവർ. അവരാണ് അഗ്നി രക്ഷാ സേന.  കേരളത്തിന്റെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്.

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കുവേണ്ടിയുള്ള തിരച്ചിലിൽ അഗ്നി ശമന സേന നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനം കേരളം കണ്ടു. പരിമിതമായ സുരക്ഷാസംവിധാനങ്ങളുപയോഗിച്ച്, പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ കണ്ടുനിൽക്കാൻ പോലും അറയ്ക്കുന്ന മലിനജലത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനം കണ്ട് നമ്മൾ കയ്യടിച്ചു. കഴുത്തറ്റം മലിനജലത്തിൽ മുങ്ങിയിട്ടും ഒരു മനുഷ്യ ജീവനുവേണ്ടിയുള്ള തിരച്ചിൽ ആത്മാര്‍ഥമായി നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ മനസുകൊണ്ടെങ്കിലും അഭിനന്ദിക്കാതെ ഒരു മലയാളിയും അന്ന് ഉറങ്ങാനിടയില്ല.

‘ഒരു മനുഷ്യൻ പെട്ട് പോയി. അയാളെ പുറത്തെത്തിക്കണം എന്നേ ചിന്തിച്ചുള്ളൂ, മറ്റൊന്നും ആലോചിച്ചില്ല' എന്നവർ പറയുമ്പോൾ നമ്മുടെ നെഞ്ചില്‍ അലതല്ലുന്നത് മനുഷ്യത്വത്തെക്കുറിച്ചുള്ള അഭിമാനം. അതുകൊണ്ടുതന്നെയാണ് ജോയിയെ ജീവനോടെ തിരിച്ചെത്തിക്കാനാവാത്തതിന്‍റെ നിരാശ അവരിൽ ബാക്കിയായത്.

fire-force-at-amayizhanjan

ചൊവ്വാഴ്ച ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട മൈസൂർ സ്വദേശികളായ നാലുപേരുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷസേന നടത്തിയ രക്ഷാപ്രവർത്തനവും അപാരമായിരുന്നു. കുതിച്ചുയരുന്ന കുത്തൊഴുക്കിനെ അതിജീവിച്ച് പ്രായമായർ ഉൾപ്പെടെയുള്ള ആ നാൽവർ സംഘത്തെ സുരക്ഷിതരായി തീരമണച്ചപ്പോൾ ആശ്വാസം കൊണ്ടത് മാധ്യമങ്ങളിലൂടെ ആ സാഹസിക ദൗത്യം തത്സമയം കണ്ടുകൊണ്ടിരുന്ന അനേകായിരം മനുഷ്യർ കൂടിയായിരുന്നു.

rescue-in-chittoor-river

കഴിഞ്ഞ വർഷം കൊച്ചി നഗരത്തിനുമേൽ ആശങ്ക പരത്തി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തം നമ്മള്‍ ഇനിയും മറന്നിട്ടില്ല. ബ്രഹ്മപുരത്തുനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങൾ പോലും വിഷപ്പുകയിൽ മുങ്ങി. രണ്ടാഴ്ചയോളം അത് കൊച്ചിയെ ശ്വാസംമുട്ടിച്ചു.ആ സമയം മുഴുവനും മതിയായ സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ എരിയുന്ന ആ മാലിന്യമലയ്ക്കു മുകളിൽ കയറി നിന്ന് തീ അണക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഫയര്‍ഫോഴ്സുകാര്‍. സമാനതകളില്ലാത്ത ആ സമര്‍പ്പണം കണ്ട കേരളം അന്നും അവർക്കു വേണ്ടി കയ്യടിച്ചു.

Fire-force-at-Brahmapuram

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ  ജീവൻ പൊലിഞ്ഞ കഥകളും കേരള ഫയര്‍ ഫോഴ്സിന് പറയാനുണ്ട്. സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു വടകര വെള്ളികുളങ്ങര കിണർ ദുരന്തം. കിണര്‍ നിര്‍മാണത്തിനിടെ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ മൂന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

2002 മെയ് മാസം 11 നായിരുന്നു സംഭവം. എം.ജാഫര്‍, ബി.അജിത് കുമാര്‍, കെ.കെ.രാജന്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. അപകടത്തില്‍ രണ്ട് തൊഴിലാളികളും മരിച്ചു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ പുറത്തെടുക്കുന്നതിനിടയിലായിരുന്നു ദുരന്തം.

കരുനാഗപ്പള്ളിയിലെ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തവും കേരള ഫയർ ഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്.. 2009 ഡിസംബര്‍ 31ന് പുലര്‍ച്ചെയാണ്  ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഓച്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ഇടിച്ച ഗ്യാസ് ടാങ്കർ റോഡിനു കുറുകെ മറിഞ്ഞ്‌ ക്യാബിനും ടാങ്കറും വേർപെടുകയായിരുന്നു.

പാചകവാതകം ചോര്‍ന്നതോടെ ഫയര്‍ഫോഴ്സിന്‍റെ ആറ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ടാങ്കറിന് അടുത്തുണ്ടായിരുന്ന പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു.

Gas-Tanker-Accident

രക്ഷകരായി എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർ മരിച്ചു. 21പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി കടകളും 50 ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായി. സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. നാലു കിലോമീറ്റർ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു.നീണ്ട ആറര മണിക്കൂർ അക്ഷീണ പരിശ്രമത്തിനു ശേഷമാണ് അന്ന് തീയണയ്ക്കാനായത്.

ചാല ടാങ്കർ ദുരന്തം ആണ് സേന അഭിമുഖീകരിച്ച മറ്റൊരു വലിയ ദുരന്തം. 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പാചക വാതകം കയറ്റി വന്ന ബുള്ളറ്റ് ടാങ്കർ ലോറി, കണ്ണൂർ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ തട്ടി മറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. ഡ്രൈവറെ കാബിനിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാല്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു

അപകടം മനസിലാക്കിയ ഡ്രൈവറുടെ നിർദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശങ്ങൾ നൽകവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. 20 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.

ചരിത്രം

കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ സംസ്ഥാനങ്ങളിൽ വെവ്വേറെ ഫയർ സർവീസുകൾ ഉണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മൂന്ന് ഫയർ സ്റ്റേഷനുകള്‍ വീതവും മലബാറിൽ അഞ്ച് ഫയർ സ്റ്റേഷനുകളും. പൊലീസ് വകുപ്പിന് കീഴിലായിരുന്നു ഈ സ്റ്റേഷനുകൾ. 1949-ൽ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളിലെ ഫയർ സര്‍വീസുകള്‍ ഒന്നിച്ചു. 1956-ൽ മലബാറും ഉൾപ്പെടുത്തി കേരള ഫയർ സർവീസ് നിലവിൽ വന്നു. 1963 വരെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നു ഫയർ സർവീസ് മേധാവി.

1962ല്‍ കേരള ഫയർഫോഴ്സ് നിയമം നിലവിൽ വന്നു. 1963ൽ കേരള ഫയർഫോഴ്സ് പ്രത്യേക വകുപ്പായി മാറി. ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് ആയിരുന്നു 1967 വരെ ഡിപ്പാർട്ട്മെന്‍റിന്‍റെ  തലവന്‍. 1967 മുതൽ 1970 ഓഗസ്റ്റ് വരെ ഐജി ഫയർഫോഴ്സ് ഡയറക്ടറുടെ ചുമതല വഹിച്ചു. 1970-ൽ ഫയർഫോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് പ്രത്യേക ഡയറക്ടറുടെ കീഴിലായി. 1982ൽ ഈ തസ്തിക കമൻഡാന്‍റ് ജനറൽ – ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് ആന്‍ഡ് ഫയർഫോഴ്‌സ് എന്ന് പുനർനാമകരണം ചെയ്തു. 2002ലാണ് ഇപ്പോഴത്തെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്ന പേര് ലഭിച്ചത്. 2015ൽ കമൻഡാന്‍‍ഡ് ജനറലിന്‍റെ തസ്തിക ഡയറക്ടർ ജനറൽ – ഫയർ ആൻഡ് റെസ്‌ക്യൂ, ഹോം ഗാർഡ്സ് ആന്‍ഡ് സിവിൽ ഡിഫൻസ് എന്ന് പുനർനാമകരണം ചെയ്തു.

fire-force-during-flood

അഗ്നിശമന സേന ദിനം

ഏപ്രിൽ 14 രാജ്യം അഗ്നിശമന സേന ദിനമായി ആചരിക്കുന്നു. 1944 ഏപ്രിൽ 14 ന്‌ ഉച്ച കഴിഞ്ഞ്‌ 12.45 ന്‌ മുംബൈ തുറമുഖത്ത്‌ നങ്കൂരമിട്ടുകിടന്ന 'എസ്‌.എസ്‌.ഫോർട്ട്‌ സ്‌റ്റിക്കിനേ' എന്ന കപ്പലിൽ വൻ സ്‌ഫോടനത്തോടുകൂടി ഒരു തീപിടിത്തമുണ്ടായി. സ്‌ഫോടകവസ്‌തുക്കൾ കയറ്റിയിരുന്ന  കപ്പലിലെ തീപ്പിടുത്തത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകൾ നശിച്ചു. സ്‌ഫോടകവസ്‌തുക്കളാണ്‌ കപ്പലിൽ സംഭരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അഗ്നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ്‌ ധീരമായി കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടു. ഈ പ്രവർത്തനത്തിൽ 59 സേനാംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു സിഗററ്റ്‌ കുറ്റിയാണ്‌ ഈ തീപിടിത്തത്തിന്‌ കാരണമായതെന്ന്‌ പിന്നീട്‌ നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവം അനുസ്‌മരിച്ചും മൺമറഞ്ഞ ധീരരായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചുമാണ്‌ ഏപ്രിൽ 14ന് അഗ്നിശമന സേനാദിനം ആചരിക്കുന്നത്‌. ഫയർഫോഴ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ വിവിധ അനുസ്‌മരണ ചടങ്ങുകൾ ഉൾപ്പെടുന്ന ഒരാഴ്‌ച നീണ്ടു നിൽക്കുന്ന വാരാഘോഷവും നടത്തി വരാറുണ്ട്.

പതാക ദിനം

1984 മാർച്ച്‌ എട്ടാം തീയതി അമ്പലമുകളിലെ കൊച്ചിൻ ഓയിൽ റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തില്‍ നാഫ്‌ത ടാങ്ക്‌ പൊട്ടിത്തെറിച്ചു. കൊച്ചി പ്രദേശം മുഴുവൻ കത്തിപ്പോകുമായിരുന്ന ദുരന്തം ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ അതികഠിനമായ പ്രയത്‌നത്താൽ തടയാനായി. ഇതിന്‍റെ സ്‌മരണയ്‌ക്കായി എല്ലാവർഷവും മാർച്ച്‌ 8 ഫയർ സർവ്വീസ്‌ പതാക ദിനമായി ആചരിക്കുന്നു. ഈ ദിവസം പതാകകൾ തയാറാക്കി വില്‍പന നടത്തുകയും അതിലൂടെ സമാഹരിക്കുന്ന തുക ജീവനക്കാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി രൂപീകരിച്ച കേരള ഫയർ ഫോഴ്‌സ്‌ വെൽഫയർ ആൻറ് അമിനിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയും, ചെയ്യും.

ഏതു ദുരന്തമുഖത്തും രക്ഷയ്ക്കായി പാഞ്ഞെത്തുന്ന സേനയുടെ ആപ്ത വാക്യം ‘രക്ഷാപ്രവർത്തനം സേവനം’ എന്നർത്ഥം വരുന്ന ‘ത്രാണായ സേവാ മഹേ’ എന്ന സംസ്കൃത വാക്യമാണ്. ആ ആപ്ത വാക്യം മുറുകെ പിടിച്ചുള്ള സേനയുടെ പ്രവർത്തങ്ങൾക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്.

ENGLISH SUMMARY:

kerala Fire and Rescue; The Real Heroes