ആസിഫ് അലിയെ കുറിച്ചുള്ള മന്ത്രി ആര്‍ ബിന്ദുവിന്‍റെ കുറിപ്പ് വൈറലാകുന്നു. വന്ദേഭാരത് ട്രെയിനിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുണ്ടായ അനുഭവമാണ് മന്ത്രി സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആസിഫ് അലിക്കൊപ്പമുള്ള ചിത്രങ്ങളും ആര്‍ ബിന്ദു പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആസിഫ് അലിയെ കുറിച്ച് താനൊരു പോസ്റ്റ് ഇട്ടിരുന്നതായും ആ പോസ്റ്റ് ജനങ്ങള്‍ സ്നേഹപൂര്‍വം ഏറ്റെടുത്ത കാര്യവും മന്ത്രി ആസിഫിനോട് പങ്കുവച്ചുവെന്നും അത് കേട്ടപ്പോള്‍ അദ്ദേഹത്തെ ശൈലിയില്‍ ചിരിച്ചു എന്നും കുറിപ്പില്‍ പറയുന്നു. സ്വർണ്ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങൾക്ക് വിനയമെന്നും ആസിഫ് അലിക്ക് എക്കാലത്തും ഇങ്ങനെ പ്രകാശം പരത്തുന്ന വ്യക്തിത്വമായി തുടരാനാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
യുവ നടൻ പ്രിയപ്പെട്ട ആസിഫ് അലിയെ ഇന്ന് വന്ദേഭാരത് ട്രെയിനിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ. ..
ആസിഫ് അലിയെ കുറിച്ച് ഏതാനും ദിവസം മുൻപ് ഇട്ട പോസ്റ്റ് മുപ്പത്തിനായിരത്തിലധികം പേർ സ്നേഹപൂർവ്വം ഏറ്റെടുത്ത കാര്യം പറഞ്ഞപ്പോൾ സ്വന്തം ശൈലിയിൽ വിനയാന്വിതനായി പുഞ്ചിരി തൂകി...സ്വർണ്ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങൾക്ക് (മറ്റു സെലിബ്രിറ്റികൾക്കും)വിനയം.ആസിഫ് അലിക്ക് എക്കാലത്തും ഇങ്ങനെ പ്രകാശം പരത്തുന്ന വ്യക്തിത്വമായി തുടരാനാകട്ടെ എന്ന് ആശംസിച്ചു....
.
കഴിഞ്ഞ ദിവസം ആസിഫ് അലിയെ കുറിച്ചെഴിതിയ പോസ്റ്റ്
പ്രിയപ്പെട്ട ആസിഫ് അലിക്ക് സ്നേഹാഭിവാദ്യങ്ങൾ. ..
തലയിൽ കൊമ്പ് മുളച്ച തമ്പുരാക്കന്മാരുടെ മേലാളഭാവങ്ങൾ കൊണ്ട് ഭൂമി മലയാളം വീർപ്പു മുട്ടുന്ന കാലത്ത്, പ്രിയ മകനേ, നിന്നെ പോലെ വിനയം ഭൂഷണമാക്കി, പ്രസാദാത്മകമായ നറുചിരിയുടെ പ്രകാശം പരത്തി, പോസിറ്റിവിറ്റിയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന ചെറുപ്പക്കാർ നമ്മുടെയെല്ലാം പ്രത്യാശയാണ്. ..ആർക്കും അവഗണിച്ച് ഇല്ലാതാക്കാൻ കഴിയാത്ത കലാപ്രതിഭയുടെ ഉടമയായി യശസ്സിന്റെ ആകാശങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കാനാകട്ടെ. ..
ഇകഴ്ത്തിയും താഴ്ത്തിക്കെട്ടിയും മറ്റുള്ളവരെ അപമാനിക്കുകയും തന്നെ കുറിച്ചു തന്നെ വൻപ് വിചാരിക്കുകയും ചെയ്യുന്ന അൽപ്പന്മാർ ആ ഉയർച്ച കണ്ട് തല താഴ്ത്തട്ടെ. ..
നന്നായി വരട്ടെ