മനസും പ്രാര്‍ഥനകളും വയനാട്ടിലാണ്. ജീവന്റെ ഒരു തുടിപ്പെങ്കിലും കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദൗത്യസംഘത്തിനു സല്യൂട്ട് നല്‍കേണ്ടതിനൊപ്പം മറ്റൊരു വിഭാഗത്തെക്കൂടി ഓര്‍ത്തേ പറ്റൂ. മണ്ണിനടിയിലെ നേരിയ ഹൃദയമിടിപ്പു പോലും മണത്തറിയുന്ന ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെടുന്ന സൂപ്പര്‍ ഡോഗ്സ്.
വയനാട്ടില്‍ ഇരച്ചെത്തിയ ദുരന്തത്തിനു പിന്നാലെതന്നെ ഇടുക്കി പൊലീസ് സ്ക്വാഡിലെ മാഗിയെ സ്ഥലത്തെത്തിച്ചിരുന്നു. ലാബ്രഡോർ ഇനത്തിൽപ്പെട്ട മാഗി മണ്ണിനടിയില്‍ ആഴത്തില്‍ മറഞ്ഞിരിക്കുന്നതെന്തും മണത്തറിയാന്‍ വിദഗ്ധയാണ്. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ ഏറെ സഹായിച്ച ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ട മായയും മർഫിയും വയനാട്ടിലെത്തിയിട്ടുണ്ട്. ചൂരല്‍മല പാലത്തിനു സമീപം എട്ടു മനുഷ്യശരീരങ്ങളുടെ സാന്നിധ്യമാണ് മായ തിരിച്ചറിഞ്ഞത്. ഏഴു മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി.
പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങളാണ് മായയും മര്‍ഫിയും കണ്ടെത്തിയത്. കെട്ടിടാവിശിഷ്ടങ്ങൾക്കിടയിലും മറ്റു ദുർഘടസാഹചര്യങ്ങളിലും അകപ്പെട്ടവരെ ഇവ പലപ്പോഴും കണ്ടെത്തുന്നത് വിയർപ്പിന്റെ ഗന്ധം മുതൽ ഹൃദയമിടിപ്പിന്റെയും ശ്വാസഗതിയുടെയും താളം വരെ ഒപ്പിയെടുത്തിട്ടായിരിക്കും. എത്ര വലിയ കയറ്റവും കുഴിയും താണ്ടിയാലും വറ്റാത്ത ഊർജസ്വലത ഇത്തരം ഘട്ടങ്ങളിൽ ഇവയ്ക്ക് തുണയാകും. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവർ) പരിശീലനം ലഭിച്ചിട്ടുള്ള ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ കഡാവർ നായ്ക്കള്‍ക്ക് കഴിയും.
ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ട ഇവർ കൊച്ചി സിറ്റി പൊലീസിന്റെ കീഴിലാണ്. പഞ്ചാബ് ഹോംഗാർഡിൽനിന്നാണ് കേരള പൊലീസ് ഇവരെ സ്വന്തമാക്കിയത്. 2020 മാര്‍ച്ചിലാണ് സേനയുടെ ഭാഗമാകുന്നത്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായയും മര്‍ഫിയും പരിശീലനം നേടിയത്. കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിനെ കൂടാതെ ഡൽഹിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളും വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
ഊര്‍ജ്വസ്വലതയിലും ബുദ്ധികൂര്‍മതയിലും പ്രശസ്തരാണ് ബല്‍ജിയൻ മലിന്വ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. പൊലീസ്-മിലിറ്ററി സേനകളിൽ ഇവയെ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ കാരണവും ഇതു തന്നെ.
വളർത്തുനായ്ക്കൾ പലതുണ്ടെങ്കിലും സൂപ്പർഡോഗ് എന്ന വിശേഷണമുള്ളവയാണ് ബെൽജിയൻ മലനോയ്സ്. അസാമാന്യ ബുദ്ധിശക്തി, ഒന്നാന്തരം കായികക്ഷമത, പരിശീലിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്താനും അനായാസം പഠിച്ചെടുക്കാനുമുള്ള കഴിവ് ഇതെല്ലാം ബെൽജിയം മലനോയ്സിനെ വേറിട്ടു നിര്‍ത്തുന്നു. പലപ്പോഴും പരിശീലകരെ പോലും അദ്ഭുതപ്പെടുത്തും. അതി വേഗത്തിലാരിക്കും പല ട്രിക്കുകളും പഠിച്ചെടുക്കുക. മോഷ്ടാക്കളെ പിന്തുടർന്നു കണ്ടെത്തൽ, സ്ഫോടക വസ്തുക്കൾ, ലഹരി മരുന്നുകൾ മുതലായവ മണത്ത് അറിയൽ തുടങ്ങിയവയിലെല്ലാം മിടുക്കുണ്ടെങ്കിലും രക്ഷാദൗത്യങ്ങളിലാണ് ബെൽജിയം മലനോയ്സ് ഏറെ തിളങ്ങുക. മണം പിടിക്കാനുള്ള ശക്തിക്കു പുറമേ ആക്രമണകാരി കൂടിയാണു ബൽജിയൻ മലെന്വ. ആമസോൺ മഴക്കാടുകളിൽ അകപ്പെട്ട കുരുന്നുകളെ കണ്ടെത്താനുള്ള ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ഈ ഇനത്തിൽപ്പെട്ട നായകൾക്കു ആരാധകര്‍ ഏറെയാണ്.