Image: x.com/DefencePROkochi

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ദുരന്ത ബാധിത മേഖലയില്‍ നിന്ന് മേജര്‍ രവിയുടെ സെല്‍ഫി.നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ളതാണ് സെല്‍ഫി . വ്യാപക വിമര്‍ശനമാണ് ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ചിത്രം  പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. 

ദുരിതമുഖത്ത്  ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെല്‍ഫിയെടുക്കുന്നത് ശരിയല്ലെന്നുമാണ് വിമര്‍ശനം. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുള്ളത്. അത്തരമൊരു സ്ഥലത്തേക്ക് എത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആളുകള്‍ കുറിക്കുന്നു. 

ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ്  മോഹന്‍ലാലും മേജര്‍രവിയുമടങ്ങുന്ന സംഘമെത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെത്തിയ അദ്ദേഹം സൈനികരെ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. കോഴിക്കോട് നിന്നും റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിയത്. ദുരിതമുഖത്ത് നില‍്ക്കുന്ന സൈനികര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് കൂടിയായിരുന്നു താരത്തിന്‍റെ സന്ദര്‍ശനം. 

അതേസമയം, വയനാട് ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം നാളിലും പുരോഗമിക്കുകയാണ്. മരണസംഖ്യ 342 ആയി. ഇരുന്നൂറ്റിയന്‍പതിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും ഊര്‍ജിത തിരച്ചില്‍ നടത്തും. മുണ്ടക്കൈ മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ റഡാര്‍ പരിശോധന വിപുലമാക്കും. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര്‍ ഇന്നും ദൗത്യത്തിന്റെ ഭാഗമാകും.

ENGLISH SUMMARY:

Major Ravi posted a selfie from landslide affected area, Wayanad, invites widespread criticism