- 1

വയനാട്ടിലെ ദുരന്തഭൂമിയിലെ തിരച്ചിലിനിടെ കണ്ടെത്തിയ മൂന്നാം ക്ലാസുകാരിയുടെ പാഠപുസ്തകങ്ങൾ നൊമ്പരക്കാഴ്ച്ചയായി. തിരച്ചിലിനിടെ  പുഞ്ചിരിവട്ടത്തു നിന്നാണ് പുസ്തകങ്ങളും ബാ​ഗും ലഭിച്ചത്. പാഠപുസ്തകങ്ങളിൽ മിൻഹ ഫാത്തിമ സി എന്നാണ് എഴുതിയിരിക്കുന്നത്. മലയാളം പാഠാവലി ഉൾപ്പടെയുള്ള ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളുമാണ് ലഭിച്ചത്. 

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് നിലവിൽ ലഭ്യമായ കണക്കുകൾ പറയുന്നത്. പ്രദേശത്തെ രണ്ട് സ്കൂളുകളാണ് തകര്‍ന്നത്. വിദ്യാലയങ്ങൾ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  

പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് അവ വീണ്ടും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തമേഖലകളില്‍ പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  

വെള്ളാർമല സ്കൂൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടി സംഭാവന നൽകുമെന്ന് നടൻ മോഹൻലാൽ ഇന്ന് പ്രതികരിച്ചിരുന്നു. ചൂരൽമലയിൽ നിന്ന് പുഞ്ചിരിമട്ടം വരെ അദ്ദേഹം സന്ദർശിച്ചു. ഇതിന് മുൻപും ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന് മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്.  ദുരന്തത്തില്‍ ഇതുവരെ 342 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെയാണ്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ട്. ഉതിൽ 146 പേരെയാണ് തിരിച്ചറിഞ്ഞത്. 

ENGLISH SUMMARY:

wayanad landslide Textbooks of Minha Fatima was found