മാവേലി എക്‌സ്പ്രസിലെ മോഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയുടെ വാടകവീട് പരിശോധിക്കവേ കണ്ടെത്തിയത് 500 രൂപയുടെ 17 വ്യാജ നോട്ടുകൾ. പൊലീസിന്‍റെ ആദ്യഘട്ട പരിശോധനയിൽ നോട്ടുകൾ ഹൈക്വാളിറ്റി പ്രിന്റ് അല്ലെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജ നോട്ടുകള്‍ പ്രാദേശിക തലത്തിൽ അച്ചടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സലീം മണ്ഡലിന്‍റെ വാടക വീട്ടില്‍ നിന്നാണ് കള്ളനോട്ട് കണ്ടെത്തിയത്. മാവേലി എക്‌സ്പ്രസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയിൽവേ പൊലീസാണ് പെരുമ്പാവൂരിലെത്തി ഇയാളുടെ വാടകവീട് പരിശോധിച്ചത്. അപ്പോഴാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണക്കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൗരത്വം ഉറപ്പിക്കാനായി ഇയാളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും ഇന്ന് പരിശോധനയ്ക്ക് അയക്കും. കള്ളനോട്ടുകൾ അടുപ്പമുള്ളയാൾ കൈമാറിയതെന്നാണ് സലീം മണ്ഡലിന്റെ മൊഴി. എന്നാല്‍ ഈ പരിചയക്കാരന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ലെന്ന് ആലപ്പുഴ റെയിൽവേ പൊലീസ് പറഞ്ഞു. കൂടുതൽ കള്ള നോട്ടുകൾ ഈവിധം നിർമ്മിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പരിഭാഷകന്റെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാവൂ.