കോഴിക്കോട് വടകരയിൽ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ പകർത്തിയിരുന്ന സഹീം രാജ്യത്തിന് പുറത്തുള്ള പെൺകുട്ടികളുടെ വീഡിയോയും ചിത്രീകരിച്ചിരുന്നതായി കണ്ടെത്തൽ. സഹീമിന്റെ ഫോണില്‍ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തി. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്.
പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാമുണ്ടാക്കി അശ്ലീല വീഡിയോ കൈക്കലാക്കുന്നതാണ് സഹീമിൻ്റെ രീതി. നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് വടകരയിലെ സൈബർ പൊലീസിന് ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്.
അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്തിരുന്ന സഹിം സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്. സൗദിയിലും നാട്ടിലുമായി ഇരുന്നാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോകൾ അയപ്പിച്ചത്. പത്തോളം അക്കൗണ്ടുകളിൽ സ്ത്രീയായി ചമഞ്ഞായിരുന്നു പെൺകുട്ടികളുമായി ചാറ്റിംഗ് നടത്തിയത്. രാജ്യത്തിൻ്റ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ സഹീമിനെ പൊലീസ് തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.