സര്‍വതും ഉരുളെടുത്ത മണ്ണില്‍ ഉള്ളുലഞ്ഞ് അവന്‍ പ്രിയപ്പെട്ടവരെ തിരഞ്ഞുനടന്നു. അന്നമൂട്ടിയവരെ അത്രപെട്ടെന്നൊന്നും മറന്നുപോകാന്‍ അവന് കഴിയില്ലല്ലോ. മിണ്ടാപ്രാണിയെങ്കിലും സ്നേഹത്തിന്‍റെ അളവുകോലില്‍ മറ്റെന്തിനെക്കാളും അവന് വലുത് തന്‍റെ ഉറ്റവരായിരുന്നിരിക്കണം. ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തില്‍ ദുരിതാശ്വാസ ക്യാപിലേക്കോടുമ്പോള്‍ ഉമയുടെയും നെഞ്ചുപൊള്ളിയിട്ടുണ്ടാവണം. ലിയോ എന്ന തന്‍റെ അരുമയെ പാതിവഴിയില്‍ ഉപേക്ഷിച്ച വേദന ഉമയെയും വേട്ടയാടിയിട്ടുണ്ടാവണം. ആ സങ്കടങ്ങളൊക്കെയും ഒലിച്ചിറങ്ങി തീര്‍ന്ന കാഴ്ച കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു. 

വഴിയും പുഴയും വീടും മരങ്ങളും അങ്ങനെയെല്ലാമുണ്ടായിരുന്നിടത്ത്, കുറേയെറെ സ്വപ്നങ്ങളും ജീവിതങ്ങളുമുണ്ടായിരുന്നിടം ഒറ്റരാത്രികൊണ്ട് ഇല്ലാതായപ്പോള്‍ അനാഥരായത് ലിയോയെ പോലെ ചിലര്‍ കൂടിയാണ്. ദുരന്തഭൂമിയിലെ നെഞ്ചുലയ്ക്കുന്ന ബാക്കിപത്രത്തിന്‍റെ അതിദയനീയ കാഴ്ച. ഉരുൾപൊട്ടലിൽ അട്ടമലയിൽ കുടുങ്ങിയ ഉമയും കുടുംബവും ഒരു വഴിയുമില്ലാതെയാണ് ചൂരൽമല അങ്ങാടിയിൽ ലിയോയെ ഇറക്കിവിട്ടത്. ദുരിതാശ്വാസ ക്യാംപിലേക്ക് നായയെ കൊണ്ടുപോകാനാകുമായിരുന്നില്ല. അങ്ങാടിയിലാകുമ്പോൾ ആരെങ്കിലും ഭക്ഷണം നൽകുമല്ലോ എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എല്ലാ ദിവസവും ഉമയുടെ ഭർത്താവ് ലിയോയ്ക്ക് ഭക്ഷണവുമായി എത്തിയിരുന്നു. പക്ഷേ അവന്‍ തിരഞ്ഞത്, അവന്‍റെ അമ്മയെയായിരുന്നു, ഉമയെ. ഉമയെ കണ്ടതെ മുന്‍കാലുകള്‍ പൊക്കി കെട്ടിപ്പിടിച്ചും എന്തൊക്കെയോ പരിഭവം പറഞ്ഞും അവന്‍ ചേര്‍ന്നുനിന്നു. വീട്ടില്‍ പോകാട്ടോ, അമ്മ നിന്നെ കൊണ്ടുപോകാട്ടോ എന്ന ആ വാക്കുകള്‍ക്കായി കാതോര്‍ത്ത പോലെ ലിയോ ഉമയുടെ നെഞ്ചിലേക്ക് ചാഞ്ഞു. ഒന്നുമല്ലാതായി തീര്‍ന്ന മണ്ണില്‍ നിന്ന് സ്‌നേഹമാണഖിലസാരമൂഴിയിൽ എന്ന ഓര്‍മപ്പെടുത്തലോടെ ഒരു കൂടിച്ചേരല്‍.

ENGLISH SUMMARY: