ഓരോ ഉല്‍സവ സീസണുകളും അനുസരിച്ച് നിറം മാറുന്ന കൊച്ചി ബ്രോഡ്‍‍വേയിലെ കടകള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ പതാകയുടെ നിറമാണ്. പതാക മുതല്‍ ബാഡ്ജുകള്‍ വരെയുള്ളവയുടെ വിപുലമായ ശേഖരമാണ് കടകളിലുളളത്. എന്നാല്‍, ഇത്തവണ കച്ചവടം കുറവാണെന്നാണ് കടയുടമകളുടെ സങ്കടം.

നാളെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ വേണ്ടവ ആവശ്യാനുസരണം ഈ കടകളില്‍ നിന്ന് തിരഞ്ഞെടുക്കാം. വില 15 മുതല്‍ 150 രൂപ വരെ. ഖാദിയിലുള്ള പതാകകള്‍ക്ക് കൂടുതല്‍ ഡിമാന്‍റുണ്ട്. എങ്കിലും വില്‍പനയില്‍ ഒന്നാമന്‍, വസ്ത്രത്തില്‍ ധരിക്കാവുന്ന കുഞ്ഞന്‍ ബാഡ്ജുകളാണ്. പതാകയുടെയും ഇന്ത്യന്‍ ഭൂപടത്തിന്‍റെയും മാതൃകയിലാണ് ബാഡ്ജുകളുള്ളത്. തുണിയിലും കടലാസിലും സ്റ്റീലിലും നിര്‍മിച്ചവ. കാന്തം ഘടിപ്പിച്ച ബാഡ്ജുകളും വിപണിയിലെത്തിക്കഴിഞ്ഞു.

വാങ്ങാനെത്തുന്നവരില്‍ അധികവും സ്കൂള്‍ അധികൃതരും ക്ലബുകളുമാണ്. കഴിഞ്ഞമാസം മുതലേ, വിപണി സജീവമായെങ്കിലും കച്ചവടം ഉഷാറല്ലെന്ന് കടയുടമകള്‍ പറയുന്നു.

മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പതാകകളും മറ്റും കടകളിലേക്ക് എത്തുന്നത്. കടലാസില്‍ നിര്‍മിച്ച അലങ്കാരവസ്തുക്കള്‍ക്കും ആവശ്യക്കാരുണ്ട്. പെണ്‍കുട്ടികള്‍ക്കായി ആകര്‍ഷകമായ മാലകളാണ് ഇത്തവണ വിപണിയിലെത്തിരിക്കുന്നത്.

ENGLISH SUMMARY:

Broadway is ready for the Independence Day sale.