മഹാദുരന്തം പ്രിയപ്പെട്ടവരുടെ ഉയിരു കവർന്നെടുത്ത ചൂരലമൽ സ്വദേശി ശ്രുതിക്ക് തുണയായി ഒരാളുണ്ട്. ഒരോ നിമിഷവും അവളെ ചേർത്ത് പിടിക്കുന്ന പ്രതിശ്രുത വരൻ ജെൻസൺ. ദുരന്തഭൂമിയിലെ ഉള്ളുതൊടുന്ന ആ പ്രണയകഥയാണിനി.
ഞാനുണ്ടാകും കൂടെ ശ്രുതിയെ ചേർത്ത് നിർത്തുകയാണ് ജയ്സൺ. അച്ഛനും അമ്മയും കൂടെപ്പിറപ്പും മണ്ണിലലിഞ്ഞു. വർഷങ്ങളുടെ സമ്പാദ്യം കൂട്ടിയൊരുക്കി നിർമ്മിച്ച വീടും ഉരുളെടുത്തു. കോഴിക്കോടുള്ള ഹോസ്റ്റലിൽ ആയിരുന്നു അന്നേദിവസം ശ്രുതി.
ആ ഇരുണ്ട രാത്രി അവളിനി ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നില്ല.
ഒരു മാസം മുൻപായിരുന്നു ജയ്സനുമായുള്ള വിവാഹനിശ്ചയം. അന്ന് തന്നെയായിരുന്നു പുതുതായി നിർമിച്ച വീടിന്റെ പാലുകാച്ചലും. അച്ഛനും അമ്മയ്ക്കും കുഞ്ഞനിയത്തിക്കും ഒപ്പം അവൾ സന്തോഷിച്ച നിമിഷങ്ങൾ.. ആ ഭൂമിയിൽ ഇനി ഒന്നും അവശേഷിക്കുന്നില്ല. എങ്കിലും പോയി കാണുക തന്നെ ചെയ്യും.
ദുരന്തമറിഞ്ഞ് ശ്രുതി കോഴിക്കോട് നിന്ന് നാട്ടിലെത്തിയ അന്നുമുതൽ നിഴൽ പോലെ ജയ്സൺ ഒപ്പമുണ്ട്. ജീവനായിരുന്നവർ നഷ്ടപ്പെട്ട നാട്ടിലിനി ജീവിതം തുടരാൻ സാധ്യമല്ല.