ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും, പ്രമുഖ നടന്മാര്‍ക്കെതിരായ ലൈംഗിക ആരോപണവും പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തെ പുകഴ്ത്തി മുരളി തുമ്മാരുകുടി. ഈ വിഷയം പുറത്തു വന്നതിന് ശേഷം ഏറ്റവും ആർജ്ജവത്തോടെ ഉള്ള പ്രതികരണമാണ് പൃഥ്വിരാജില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്തുകൊണ്ടാണ് മലയാള സിനിമയിലെ സ്ഫോടകാത്മകായ വെളിപ്പെടുത്തലുകൾ വന്നിട്ടും ശ്രീ പൃഥ്വിരാജ് സംസാരിക്കാത്തത് എന്ന് ചിന്തിക്കുകയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം മാധ്യമങ്ങളെ നേരിട്ട് കണ്ടു. വളരെ വ്യക്തമായി, കൃത്യമായി, ബ ബ്ബ ബ്ബ ഒന്നുമില്ലാതെ ഉള്ള പ്രതികരണം. ഈ വിഷയം പുറത്തു വന്നതിന് ശേഷം ഏറ്റവും ആർജ്ജവത്തോടെ ഉള്ള പ്രതികരണമാണിത്. നമ്മുടെ യുവത്വത്തിലും സിനിമയുടെ ഭാവിയിലും തീർച്ചയായും പ്രതീക്ഷയുണ്ട്. താങ്ക് യു പൃഥ്വിരാജ്– അദ്ദേഹം വ്യക്തമാക്കി.
പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നായിരുന്നു നടന്‍ പൃഥ്വിരാജിന്‍റെ പ്രതികരണം. ആരോപണവിധേയര്‍ മാറിനില്‍ക്കുകതന്നെ വേണം. ചൂഷണങ്ങള്‍ക്കെതിെര കൃത്യമായ അന്വേഷണവും ശിക്ഷയും വേണം. സംഘടിതമായി തൊഴിലവസരം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇതാണ് പവര്‍ ഗ്രൂപ്പെങ്കില്‍ അതുണ്ടാകാന്‍ പാടില്ല. സിനിമ കോണ്‍ക്ലേവിലും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ മേഖല ചരിത്രം സൃഷ്ടിക്കുമെന്നും നടന്‍ പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.