ഒരു സിനിമ റിലീസായി ഏഴ് വർഷങ്ങള്‍ക്ക് ശേഷം കഥ സത്യമാവുകയാണ്. മമ്മൂട്ടി നായകനായി എത്തിയ കഥപറയുമ്പോള്‍ എന്ന ചിത്രത്തിനാണ് റിയല്‍ ലൈഫില്‍ റീമേക്ക് ഒരുങ്ങിയത്. അതിന് സാക്ഷിയായി സിനിമയുടെ സംവിധായകന്‍ എം.മോഹനനും എത്തി.
വീട്ടിലെ പട്ടിണിമാറ്റാന്‍ സ്കൂള്‍ ഇടവേളകളില്‍ പോലും ജോലിക്ക് പോയിരുന്ന കൂട്ടുകാരന്‍ പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പ് മാറ്റിയിരുന്ന ആറാം ക്ലാസുകാരന് തുണയായ കഥ. സിനിമകഥയെ വെല്ലുന്നതാണ് സന്തോഷിന്‍റെയും അബാസിന്‍റെയും ജീവിതകഥ. ഇവിടെ നായകന്‍ അബാസാണെന്ന് പറയും സന്തോഷ്.
പത്താം ക്ലാസില്‍ പിരിഞ്ഞതിന് ശേഷം കൂട്ടുകാരനെ അന്വേഷിച്ച് കൂറെ നടന്നിട്ടുണ്ട് സന്തോഷ്. ഒടുവില്‍ വാട്സ് അപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദസന്ദേശമാണ് വഴിത്തിരിവായത്. സംഗീതപ്രിയരുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ 39 വര്‍ഷങ്ങള്ക്ക് ശേഷം ഒന്നിക്കുന്ന കൂട്ടുകാര്‍ അതിഥികളായി. സാക്ഷിയായി സംവിധായകന്‍ എം.മോഹനനടക്കം നിരവധിപേരും.