തൃശൂർ ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ അനധ്യാപികയുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി വിദ്യാർത്ഥികൾ. മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്.
കാർമൽ സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട ആയ സരിതയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട് ഒരു സ്വപ്നമല്ല. കൊച്ചു കുടുക്കകളും ക്രിസ്മസ് സമ്മാനങ്ങളും പിറന്നാളിന് കിട്ടിയ സമ്മാന തുകയുമെല്ലാം ചേർത്തുവെച്ച് വിദ്യാർഥികൾ സരിതയ്ക്ക് വീട് ഒരുക്കി. വിജയരാഘവപുരത്ത് മൂന്ന് സെൻ്റ് സ്ഥലത്ത്, 10 മാസം കൊണ്ട് സ്നേഹ ഭവനം യാഥാർത്ഥ്യമായി. കൊറോണക്കാലം മുതലേ വീടിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സരിത.
വിധവയായ സരിത രണ്ടു കുട്ടികളുമായി വാടകവീട്ടിൽ ആയിരുന്നു താമസം. ആയയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയ സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളും എൻഎസ്എസ് പ്രവർത്തകരുമാണ് ആദ്യം സഹായവുമായി എത്തിയത്. പിന്നീട് പദ്ധതിയിലേക്ക് രക്ഷിതാക്കളും അധ്യാപകരും പിന്തുണയുമായി എത്തി. സരിതയ്ക്ക് ഈ കുഞ്ഞുമക്കളുടെ സ്നേഹതണലിൽ ഇനി ആധിയില്ലാതെ അന്തിയുറങ്ങാം.