എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരായ  വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍, ഭരണപക്ഷ എംഎൽഎ പിവി അൻവറിനെ പുകഴ്ത്തി ഇടതുപക്ഷ സൈബർ ​ഗ്രൂപ്പായ പോരാളി ഷാജി. മെമ്പർ ഒന്നുമല്ലെങ്കിലും, പാർട്ടിയെ സ്നേഹിക്കുന്നവർ നിങ്ങളെ ശരിയായ അർത്ഥത്തിൽ സഖാവ് എന്നുതന്നെ വിളിക്കുമെന്നാണ് പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

അതേസമയം, കവടിയാറില്‍ എഡിജിപി എംആർ അജിത് കുമാറര്‍ നിര്‍മിക്കുന്ന മൂന്നുനില വീടിന്‍റെ തറക്കല്ലിടീല്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് പി.വി.അന്‍വര്‍ എം.എല്‍.എ വീണ്ടും രംഗത്തെത്തി. കവടിയാറിലെ പുതിയതായി പണിയുന്ന ''പാലസ് എന്റേതല്ല' എന്നൊന്നും ഇനി പറയാൻ നിൽക്കണ്ട. കൊട്ടാരത്തിന് ഉടമതന്നെ തറക്കില്ലിടുന്ന ചിത്രമാണിത് . വേറെയും ഒരുപാടുണ്ട് സാറേ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കവടിയാർ കൊട്ടാരത്തിന്റെയും ഗോൾഫ് ക്ലബിന്റെയും ഒത്തനടുവിൽ സെന്റിന് 75ല‌ക്ഷം രൂപ വിലമതിക്കുന്ന ഭൂമിയിലാണ് എഡിജിപി എംആര്‍ അജിത്കുമാര്‍ വീടുപണിയുന്നത്. മൂന്നു നിലകളിലായി ആധുനികസൗകര്യങ്ങളോടെയുള്ള വീടിന്‍റെ രേഖാചിത്രവും പുറത്തുവന്നിരുന്നു.എം.ആർ അജിത് കുമാറിന്റെ പേരും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

കവടിയാര്‍ കൊട്ടാരത്തിന് സമീപം 10സെന്‍റ് ഭൂമി സ്വന്തം പേരിലും 12 സെന്‍റ് ഭാര്യസഹോദരിന്റെ പേരിലും എംആര്‍ അജിത്കുമാര്‍ വാങ്ങിയതിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.15000 ചതുരശ്രഅടി വിസ്തീര്‍ണമുളള ആഡംബരവീടിന്റെ നിര്‍മ്മാണം ഇവിടെ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Porali Shaji in support of PV Anvar