എം.ആര്‍.അജിത്കുമാറല്ല യഥാര്‍ഥ ലക്ഷ്യം പി. ശശിയാണെന്ന് മനസിലാക്കിയതോടെയാണ് അന്‍വറിന്‍റെ ആരോപണങ്ങളിലുള്ള അന്വേഷണം മുഖ്യമന്ത്രി മയപ്പെടുത്തിയത്. അജിത്കുമാറിനെ മാറ്റിനിര്‍ത്തിയാല്‍  ശശിയെ മാറ്റി നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയരുമെന്ന് വ്യക്തമായതോടെ നീതിയുക്തമായ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി കളംമാറ്റി ചവിട്ടുകയായിരുന്നു. 

പി വി അന്‍വറിന്‍റെ  ആരോപണങ്ങള്‍ അന്വേഷിക്കുമ്പോള്‍ അജിത്കുമാര്‍ ക്രമസമാധാന ചുമലതലിയിലുണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ ചിലര്‍ കരുതിയിരുന്നത്.  എന്നാല്‍ എല്ലാവരെയും ‍ഞെട്ടിച്ചുകൊണ്ട് അജിത്കുമാറിനെ സംരക്ഷിച്ചുകൊണ്ടുള്ള അന്വേഷണ ഉത്തരവിറങ്ങിയതോടെ മുഖ്യമന്ത്രി ഒരുക്കുന്ന സംരക്ഷണ കവചത്തെപ്പറ്റി വ്യക്തമാവുകയാണ്.  

അന്‍വറിന്‍റെയോ അന്‍വറിനെ പിന്‍താങ്ങുന്നവരുടെയോ യഥാര്‍ഥ ലക്ഷ്യം അജിത്കുമാറല്ലെന്നും, ശശിയാണെന്നുമാണ് മുഖ്യമന്ത്രി കരുതുന്നത്. അജിത്കുമാറിനെ മാറ്റിയാല്‍  പി ശശിയെ മാറ്റാന്‍ പാര്‍ട്ടിക്കകത്തും ആവശ്യമുയരാം. ആ ഘട്ടത്തില്‍ ശശിയെ സംരക്ഷിക്കുക എളുപ്പമാവില്ല. അതുകൊണ്ട്  പി ശശിക്ക് വേണ്ടി അജിത്കുമാറിനെകൂടി സംരക്ഷിക്കുക എന്ന സമീപനമാണ് അന്വേഷണത്തില്‍ മുഖ്യമന്ത്രി സ്വീകിരിച്ചത്. 

വരുന്ന സംസ്ഥാന സമ്മേളനത്തില്‍ പി ശശി പാര്‍ട്ടി സെക്രട്ടറിയേറ്റിലെത്താനുള്ള വഴി തടയലാണ് ആരോപണത്തിന് പിന്നിലെന്ന് ശക്തമായ ഊഹാപോഹങ്ങളുണ്ട്. ശശിയെ പൊളിറ്റക്കല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തീരുമാനത്തെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് പി ജയരാജന്‍റെ ആശീര്‍വാദം അന്‍വറിന്‍റെ നീക്കത്തിന് പിന്നിലുണ്ടോ എന്നും സംശയമുണ്ട്. എന്താലായും ശശിയെ മുഖ്യമന്ത്രിയെ കൈവിടില്ലെന്ന് ഉറപ്പായതോടെ അന്‍വറിനെ പാര്‍ട്ടിയില്‍ നിന്നുള്ള ആരെങ്കിലും പിന്‍താങ്ങുണ്ടെങ്കില്‍ അവര്‍ പിന്‍മാറുമെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്. 

ENGLISH SUMMARY:

Pinarayi Vijayan protect adgp Ajith Kumar and P Sasi