തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് നാലാംനാളും പരിഹാരമാവാത്തതോടെ തിരുവനന്തപുരം കളക്ടര്‍ അനുകുമാരിയുടെ പ്രൊഫൈല്‍ പിക്കിന് താഴെ പരാതിയുമായി തിരുവനന്തപുരത്തുകാര്‍. കമന്‍റുകളില്‍ മുഴുവന്‍ കുടിവെള്ളമില്ലാത്തത് മൂലമുള്ള പരാതി പ്രളയമാണ്. ചില കമന്‍റുകള്‍ ഇങ്ങനെ...
'ബഹുമാനപെട്ട മാഡം ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം, ഞങ്ങള്‍ താമസിക്കുന്നിടത് രാത്രി കാലങ്ങളിൽ മാത്രമാണ് വെള്ളം വരുന്നത്, ചില ദിവസങ്ങളില്‍ അതും ഇല്ല. ഉറക്കം ഒഴിഞ്ഞു രാത്രി കാലങ്ങളിൽ ഇരിയ്ക്കുന്നത് കൊണ്ടു നിലവിൽ ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൂടുകയാണ്. ഇതിനെല്ലാം ഒരു പ്രതിവിധി ഉണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു'. ദിവ്യ ശശിധരന്‍റെ കമന്‍റ് ഇങ്ങനെയാണ്.
'വെള്ളമില്ലാത്ത നഗരത്തിലാണ് നമ്മൾ വസിക്കുന്നത്. അറിയുന്നുണ്ടോ.... ജനം ദുരിതത്തിലാണ്, നഗരത്തിലെ കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ആദ്യം വെള്ളമെത്തിക്കാൻ നോക്ക് പിന്നെ സൗന്ദര്യം ആസ്വദിക്കാം, കൊട്ടാരങ്ങളിൽ ഒക്കെ വെള്ളം കിട്ടുന്നുണ്ടല്ലോ അല്ലേ, വെള്ളമില്ലാതെ അലയുന്നതുകൊണ്ട് ലൈക് അടിക്കാൻ സമയം ഇല്ല' എന്നിങ്ങനെ പോകുന്നു തലസ്ഥാന വാസികളുടെ കമന്‍റുകള്‍.
വൈകിട്ട് നാലുമണിയോടെ പ്രശ്നം പരിഹരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പും വെറുതെയായി. വൈകിട്ടോടെ പമ്പിങ് തുടങ്ങും എന്നാണ് മന്ത്രി രാവിലെ പറഞ്ഞത്. എന്നാൽ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പൈപ്പ് ലൈനിലെ അലൈൻമെന്റില്‍ വ്യത്യാസം കണ്ടെത്തി. ഇത് പൂർത്തിയാക്കാൻ ഇനിയും സമയം എടുക്കും.
ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ കുടിവെള്ളം മുട്ടിയത് നഗരത്തിലെ അഞ്ചുലക്ഷം പേര്‍ക്കാണ്. അതിനിടെ കുടിവെള്ള ക്ഷാമം കാരണം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.