Image Credit; Facebook

Image Credit; Facebook

മുഖ്യമന്ത്രി നിക്ഷിപ്ത താൽപര്യ സംരക്ഷണത്തിനായി തന്റെ ദൂതനായ എ.ഡി.ജി.പി.വഴി ആർ.എസ്.എസ്. നേതൃത്വത്തെ പലപ്പോഴായി ബന്ധപ്പെട്ടത് കൊടിയ രാഷ്ട്രീയ വഞ്ചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സ്വന്തം പാർട്ടിയെയും അണികളെയും ജനാധിപത്യ-മതേതര വിശ്വാസികളായ ജനങ്ങളെയും നഗ്നമായി വഞ്ചിച്ച മുഖ്യമന്ത്രി പിണറായി ഭാവിയിൽ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായിട്ടായിരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

പാർട്ടിയുടെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവരുന്ന പിണറായിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും തള്ളിപ്പറയുവാനും വൈകുന്തോറും സി.പി.എം ദേശീയ നേതൃത്വം ജനങ്ങളുടെ മുന്നിൽ കൂടുതൽ കൂടുതൽ പരിഹാസ്യരാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു. 

വിഎം സുധീരൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം 

പിണറായിയുടേത് കൊടിയ രാഷ്ട്രീയ വഞ്ചന.

ആർ.എസ്.എസ്. ദേശീയ നേതാക്കളുമായി എ.ഡി.ജി.പി. അജിത്കുമാർ ചർച്ച നടത്തിയ വിവരം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി അതിന്മേൽ നിഷ്‌ക്രിയ നിലപാട് സ്വീകരിച്ചുവരുന്നത് അതെല്ലാം തന്റെ അറിവോടും സമ്മതത്തോടും കൂടിയായതുകൊണ്ടാണ്. ഇതെല്ലാം വളരെയേറെ വ്യക്തമാക്കപ്പെടുന്ന മാധ്യമ റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

     ബി.ജെ.പി.ക്കും ആർ.എസ്.എസ്സിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നതായി പ്രഖ്യാപിച്ചുവരുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി നിക്ഷിപ്ത താൽപര്യ സംരക്ഷണത്തിനായി തന്റെ ദൂതനായ എ.ഡി.ജി.പി.വഴി ആർ.എസ്.എസ്. നേതൃത്വത്തെ പലപ്പോഴായി ബന്ധപ്പെട്ടത് കൊടിയ രാഷ്ട്രീയ വഞ്ചനയാണ്. 

     ഇതുവഴി സ്വന്തം പാർട്ടിയെയും അണികളെയും ജനാധിപത്യ-മതേതര വിശ്വാസികളായ ജനങ്ങളെയും നഗ്നമായി വഞ്ചിച്ച മുഖ്യമന്ത്രി പിണറായി ഭാവിയിൽ അറിയപ്പെടുന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ 'രാഷ്ട്രീയ വഞ്ചക'നായിട്ടാണ്. ഭരണഘടനാ തത്വങ്ങളെയും സ്വന്തം പാർട്ടിയുടെ നയങ്ങളെയും രാജ്യത്തെ ജനങ്ങളെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇത്രമേൽ ആഴത്തിൽ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന് നിയമപരമായും രാഷ്ട്രീയമായും ധാർമ്മികമായും അധികാരത്തിൽ തുടരാനുള്ള അർഹത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. തെല്ലെങ്കിലും രാഷ്ട്രീയ മര്യാദ അദ്ദേഹത്തിൽ അവശേഷിക്കുന്നെങ്കിൽ എത്രയും വേഗത്തിൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്.

     പാർട്ടിയുടെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവരുന്ന പിണറായിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും തള്ളിപ്പറയുവാനും വൈകുന്തോറും സി.പി.എം. ദേശീയ നേതൃത്വം ജനങ്ങളുടെ മുന്നിൽ കൂടുതൽ കൂടുതൽ പരിഹാസ്യരാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.

ENGLISH SUMMARY:

VM Sudheeran facebook post about pinarayi vijayan