സ്കോട്ട്ലൻഡില്‍ തൃശൂർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ റയിൽവെ ട്രാക്കിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം. യുവാവിന്റെ മരണ കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ചേട്ടന്റെ കല്യാണത്തിനായി തന്റെ നാടായ തൃശൂർ പൂത്തോളിൽ വന്ന ഏബൽ, ഈ മാസമാദ്യമാണ് തിരികെ സ്കോർലാൻഡിലേക്ക് മടങ്ങിയത്. വിമാനത്താവളം വരെ അവൻ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ അവന്റെ ആ ചിരി മരണത്തിലേക്ക് ഉള്ള തീരാ നോവായി മാറി.
സ്കോട്ട്ലൻഡിലെ സർവകലാശാലയിൽ വിദ്യാർഥിയായിരുന്നു ഏബൽ. കഴിഞ്ഞ 12 നായിരുന്നു മരണം. 13ന് രാത്രിയിലാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് മരണ വിവരം എത്തുന്നത്. ആത്മഹത്യയാണെന്ന് അവർ പറഞ്ഞു.
കുടുംബം ഉറപ്പിച്ചു പറയുന്നു ഏബൽ ആത്മഹത്യ ചെയ്യില്ല. ഇതിൻറെ പിന്നിലുള്ള ദുരൂഹത അറിയാൻ ഏത് അറ്റം വരെയും പോകും. എന്നാൽ അവൻറെ ജീവനറ്റ ശരീരം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ ആ കുടുംബത്തിനുള്ളു.