കൊച്ചി എളമക്കരയില്‍ ജിമ്മിലെ വ്യായാമത്തിനിടെ 24വയസുകാരി കുഴഞ്ഞുവീണ് മരിച്ച വാര്‍ത്ത ആശങ്കയോടെയാണ് നമ്മള്‍ കേട്ടത്. ജിമ്മിലെ ട്രഡ്‌മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അരുന്ധതി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 24വയസുള്ള യുവതി വര്‍ക്കൗട്ടിനിടെ മരിച്ചെന്ന വാര്‍ത്ത ജിമ്മില്‍ പോകുന്ന ചെറുപ്പക്കാരെയെല്ലാം ഒരുപക്ഷേ ആശങ്കയിലാക്കിയേക്കും. ചെറിയ പ്രായമാണ്, സ്ത്രീയാണ്. (സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത പുരുഷന്മാരെക്കാൾ കുറവാണെന്നാണ് അനുമാനം). എന്നിട്ടും ഇങ്ങനെ സംഭവിച്ചതിന് കാരണമെന്തായിരിക്കും എന്ന് വാർത്ത കേട്ട മിക്കവരും ചോദിച്ചിട്ടുണ്ടാകും. ജിമ്മില്‍വച്ച് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടുന്നതന്തുകൊണ്ട്? വര്‍ക്ക് ഔട്ടിനു പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത കാര്‍ഡിയാക് വിദഗ്ധന്‍ ഡോ ജോ ജോസഫ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു.
24വയസുകാരി അരുന്ധതിയുടെ മരണം സഡന്‍ കാര്‍ഡിയാക് ഡെത്ത് അഥവാ പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മരണം എന്ന കാറ്റഗറിയില്‍പ്പെടും. കുഴഞ്ഞുവിഴുന്നതടക്കം ഇത്തരത്തിലുള്ള മരണങ്ങളെ രണ്ടായി തിരിക്കാം. പ്രായം കുറവുള്ളവര്‍ക്ക് സംഭവിക്കുന്ന മരണം (35 വയസ് വരെ), പ്രായം കൂടിയവര്‍ക്ക് സംഭവിക്കുന്നത് (35 വയസിന് മുകളിൽ).
35 വയസില്‍ താഴെയുള്ള മരണം
പ്രായം കുറവുള്ളവര്‍ക്ക് സംഭവിക്കുന്ന മരണത്തിനു കാരണം ഒരുപക്ഷേ സഡന്‍ അരിത്‌മിക് ഡെത്ത് സിന്‍ഡ്രോം. അതായത് ഹൃദയത്തിൻ്റെ മിടിപ്പുകള്‍ക്ക് താളം തെറ്റുന്നത് മൂലം മരണം സംഭവിക്കാം. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി പോലുള്ള പ്രത്യേക അവസ്ഥകള്‍ ഇതിനു കാരണമാകാം. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. വളരെ സാധാരണയായി കാണുന്ന ഒരു അവസ്ഥ കൂടിയാണിത്.
അതേസമയം പ്രായം കുറഞ്ഞവര്‍ക്ക് അപൂര്‍വമായി വരുന്ന ചില പ്രശ്നങ്ങളുണ്ട്. ബ്രുഗാഡ സിന്‍ഡ്രോം, ലോങ് ക്യുടി സിന്‍ഡ്രോം എന്നീ കാരണങ്ങളാലും മരണം സംഭവിച്ചേക്കാം. കൂടാതെ കൊറോണറി അനോമലീസും ഹൃദയത്തെ നിശ്ചലമാക്കാന്‍ കാരണമാവാറുണ്ട്. സാധാരണ രീതിയില്‍ അല്ലാതെ കൊറോണറി ആര്‍ട്ടറി സ്ഥലം മാറി രൂപപ്പെടുകയും മഹാധമനികള്‍ക്കിടയിലൂടെ കടന്നുപോവുകയും ചെയ്യും. വ്യായാമം ഉള്‍പ്പെടെ ഹെവിവര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ അവ ഞെരുങ്ങി മരണത്തിനു കാരണമായേക്കാം.
35വയസിനു മുകളിലുള്ള മരണം
പൊതുവെ കൊറോണറി ആര്‍ട്ടറി രോഗങ്ങളെത്തുടര്‍ന്ന് 35 വയസിനു മുകളിലുള്ളവര്‍ക്ക് മരണം സംഭവിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കാന്‍ ഈ രോഗങ്ങള്‍ കാരണമായേക്കും.
24കാരിക്ക് സംഭവിച്ചത്?
സാധാരണ രീതിയില്‍ ഒരു സഡന്‍ കാര്‍ഡിയാക് ഡെത് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുള്ള വ്യക്തിയാണ് 24കാരി അരുന്ധതി. ഒന്ന് പ്രായം കുറവാണ്, രണ്ട് സ്ത്രീയാണ്, സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത പൊതുവേ കുറവാണ്. ഈ മരണത്തിനു കാരണം ഹൃദയത്തിന്റെ ഘടനാപരമായ തകരാറുകൾ (സ്‌ട്രക്ച്ചറല്‍ അബ്നോര്‍മാലിറ്റീസ്) തന്നെയാകാം. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതിയോ അല്ലെങ്കില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത മറ്റേതെങ്കിലും അവസ്ഥ കൊണ്ടും മരണം സംഭവിച്ചേക്കാം. പൊതുവേ എല്ലാ കാര്‍ഡിയോ പ്രശ്നങ്ങള്‍ക്കും ലക്ഷണമുണ്ടാവണമെന്നില്ല, ഇന്നുവരെ തിരിച്ചറിയപ്പെടാത്ത ഏതെങ്കിലും പ്രശ്നമാകാം അരുന്ധതിയുടെ ജീവനെടുത്തതെന്നും ഡോക്ടര്‍ ജോ ജോസഫ് പറയുന്നു.
ജിമ്മില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം
ജിമ്മില്‍ പോകും മുന്‍പ് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏത് പുതിയ വ്യായാമവും തുടങ്ങും മുന്‍പ് നമ്മുടെ ബേസ്‌ലൈന്‍ റിസ്ക് അഥവാ അടിസ്ഥാനമായ ഹൃദ്രോഗസാധ്യത അറിഞ്ഞിരിക്കുക എന്നത് തന്നെയാണ് ഇതില്‍ പ്രധാനം. റിസ്ക് മൂന്ന് തരത്തിലുണ്ട്. ലോ റിസ്‌ക്, ഇന്റർമീഡിയറ്റ് റിസ്‌ക്, ഹൈ റിസ്‌ക് .
ലോ റിസ്ക് - ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍, ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഫാമിലി ഹിസ്റ്ററി എന്നിവ ഇല്ലാത്തവരും, 30 വയസില്‍ താഴെ പ്രായമുള്ളവരും, സ്‌ത്രീകളും ലോ റിസ്കില്‍പ്പെടുന്നവരാണ്. ഇവര്‍ക്ക് ജിമ്മില്‍ പോകും മുന്‍പ് പ്രത്യേക പരിശോധനകള്‍ ഒന്നും ആവശ്യമില്ല.
ഹൈ റിസ്‌ക്– ഹൈ പ്രഷര്‍, പ്രായം കൂടിയവര്‍, ഡയബറ്റിസ്, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍, ലഹരി ഉപയോഗിക്കുന്നവര്‍, പാരമ്പര്യമായി ഹൃദ്രോഗം ഉള്ളവര്‍ എന്നിവരെല്ലാം ഹൈ റിസ്കില്‍പ്പെടുന്നവരാണ്. ഇന്റര്‍മീഡിയറ്റ് റിസ്‌ക് – ലോ റിസ്‌ക് വിഭാഗത്തിനും ഹൈ റിസ്‌ക് വിഭാഗത്തിനും ഇടയില്‍ നില്‍ക്കുന്നവരാണ് ഇവര്‍.
ലോ റിസ്കില്‍ പെടുന്നവര്‍ക്ക് പ്രത്യേക പരിശോധനയൊന്നുമില്ലാതെ തന്നെ ജിമ്മില്‍ പോവാം. അതേസമയം ഹൈ റിസ്‌കിലുള്ളവരും ഇന്റര്‍മീഡിയറ്റ് റിസ്‍കിലുള്ളവരും പ്രത്യേക കരുതല്‍ നടത്തിയേ മതിയാകൂ. പ്രാഥമിക പരിശോധനകളെല്ലാം നടത്തി സുരക്ഷിതരെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജിം സ്വപ്നങ്ങളിലേക്ക് പോകാന്‍ പാടുള്ളൂ. ജിം വര്‍ക്ക്ഔട്ട് തുടങ്ങും മുന്‍പ് ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ട്രെഡ്‌മില്‍ ടെസ്റ്റ് എന്നിവ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ പറയുന്നു.