file photo

file photo

TOPICS COVERED

എല്ലാ പ്രാര്‍ഥനകളും നിഷ്ഫലമായിപ്പോയ ദിവസമായിരുന്നു ഇന്നലെ. നാടിനെയൊന്നാകെ തീരാ ദുഃഖത്തിലേക്ക് തള്ളിയിട്ട് ജെന്‍സന്‍ യാത്രയായി. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കു കാണാന്‍ രാത്രിയോടെ ശ്രുതിയെത്തി. വാക്കും നോക്കും കൊണ്ട് ആശ്വസിപ്പിക്കാനാവാതെ ഒരു നാട് തേങ്ങി. ഉറ്റവരായി ഇനി ആരുമില്ലെന്ന ശ്രുതിയുടെ കണ്ണീരിന് എന്താശ്വാസമാണ് പകരാനാവുക. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഓണത്തിനു ശേഷം വിവാഹം നടക്കാനിരിക്കെയാണ് നെഞ്ചു തകര്‍ത്ത് ജെന്‍സന്‍റെ മടക്കം. 

ഇനിയൊരു ദുരന്തത്തിനും ശ്രുതിയെ വിട്ടുകൊടുക്കില്ലെന്ന് ഉറ്റവരെ ഉരുളെടുത്തുപോയ ദുരന്തഭൂമിയില്‍ വച്ച് ജെന്‍സന്‍ ശ്രുതിക്ക് വാക്കു കൊടുത്തതാണ്. പക്ഷേ വിധി വീണ്ടും വില്ലന്‍ വേഷത്തിലെത്തി. മഹാദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പതുപേരെയാണ് നഷ്ടമായത്. സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം പക്ഷേ ഉരുള്‍പൊട്ടലും പിന്നാലെയുണ്ടായ വാഹനാപകടവും ഇരുവരെയും വേര്‍പിരിച്ചു. 

അമ്പലവയല്‍ സ്വദേശിയായ ജെന്‍സനെ ഇന്ന് വൈകുന്നേരത്തോടെയാകും സംസ്കരിക്കുക. രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആണ്ടൂരിലെ വീട്ടിലും ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളാരംകുന്നിലുണ്ടായ റോഡ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും ആന്തരിക രക്തസ്രാവവുമാണ് ജെന്‍സന്‍റെ മരണത്തിന് കാരണമായത്.

എന്തുപകരം നല്‍കിയാലും മതിയാകാത്ത നഷ്ടമാണ് ശ്രുതിക്കുണ്ടായതെന്നും നാട് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജെന്‍സന്‍റെ അനുശോചന സന്ദേശത്തില്‍ കുറിച്ചു. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.  .

ENGLISH SUMMARY:

Jenson departed, leaving his loved ones in an unending sorrow. His creamation will be held today in Wayanad.