ചൗ ചൗ എന്ന പച്ചക്കറി ഇനത്തെ പറ്റി കേട്ടിട്ടില്ലേ. വയനാട് വടുവഞ്ചാലിൽ ചൗ ചൗ കൃഷി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു കുടുംബം ഉണ്ട്. 8 വർഷം മുമ്പ് ഒരേക്കറിൽ തുടങ്ങി ഇന്ന് 25 ഏക്കറിലാണ് ഈ കുടുംബം കൃഷി ചെയ്യുന്നത്. കേരളത്തിൽ അധികം കേട്ടു കേൾവിയില്ലാത്ത പച്ചക്കറി ഇനം വടുവഞ്ചാലിൽ നിന്ന് മൂന്നു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. രാജുവിന്റേയും കുടുംബത്തിന്റെയും ചൗ ചൗ കഥ കാണാം അടുത്തത്.
ചൗ ചൗ അഥവാ ചയോട്ടെ. അധികമാരും പരീക്ഷിക്കാത്ത ഈ കാർഷിക വിളയാണ് വടുവഞ്ചാലിലെ താരം. 25 ഏക്കർ മണ്ണിൽ വിളയുന്ന നല്ല ഒന്നാന്തരമൊരു വെളളരിയിന പച്ചക്കറി. വടുവഞ്ചാൽ സ്വദേശി രാജുവും ഭാര്യ ബിന്ദുവും മക്കളായ ജിതിനും ഋതുവും ചേർന്നാണ് കൃഷി ഒരുക്കുന്നത്. കേരളത്തിൽ സാധാരണമല്ലെങ്കിലും തമിഴ്നാട്ടിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഏറെ പ്രചാരമുണ്ട് ഈ ഇനത്തിന്.
പന്തലൊരുക്കിയാണ് കൃഷി രീതി. മറ്റു സംസ്ഥാനങ്ങളിൽ സാമ്പാറിലും മറ്റു വിഭവങ്ങളിലും വ്യാപകമായി ഉപയോഗിക്കും. കിലോക്ക് 20 അതിൽ കൂടുതലോ രൂപ വരേ വില വരും. ആവശ്യകത മനസ്സിലാക്കിയാണ് ഈ കുടുംബം കൃഷി തുടങ്ങിയത്. ഇന്ന് മാസം 120 ടണിൽ കൂടുതൽ വിറ്റു വരവുണ്ട്. ഗൂഡല്ലൂരിൽ ബന്ധു കൃഷി ചെയ്തു വന്നതാണ്. വയനാടൻ മണ്ണ് ചൗ ചൗക്ക് ഏറെ അനിയോജ്യമാണെന്ന് മനസ്സിലാക്കിയാണ് 2016 ൽ വീടിനോട് ചേർന്ന ഒരേക്കറിൽ കൃഷി ചെയ്ത് തുടങ്ങിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
കൃഷിക്ക് പിന്നിൽ നല്ല അധ്വാനമുണ്ട്, അധ്വാനത്തിനു ഫലമായി ലക്ഷങ്ങളുടെ വിറ്റുവരവുമുണ്ട്. വിചാരിച്ച ലാഭം കിട്ടാത്ത സമയത്തും കൃഷിയിലുറച്ചു നിന്നതാണ് ഇന്നത്തെ വിജയത്തിന് കാരണമെന്ന് കുടുംബം പറയുന്നുണ്ട്. ഓഗസ്റ്റിലാണ് കൃഷി തുടങ്ങുക. നവംബറിൽ തുടങ്ങി എഴു മാസം വിളവെടുക്കാനുണ്ടാകും. വിളവെടുക്കുന്നതും പാക്ക് ചെയ്യുന്നതും കൊണ്ടു പോകുന്നതുമൊക്കെ കുടുംബം തന്നെ. അധ്വാനിക്കാനൊരുക്കമാണെങ്കിൽ മണ്ണിൽ പൊന്ന് വിളയിക്കാമെന്നാണ് ഈ കുടുംബം തെളിയിക്കുന്നത്.