TOPICS COVERED

കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ അധ്യാപകന്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇപ്പോളിതാ അതേ അധ്യാപകന്‍ മരിക്കുന്നതിന് മുന്പ് ഒരു പരിപാടിയില്‍ സംസാരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വേദനയാകുന്നത്. 

തേവര എസ്‌എച്ച്‌ കോളേജ്‌ കൊമേഴ്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറായ ജയിംസ് വി ജോർജിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്. ഞാന്‍ ക്ലാസ് റൂമില്‍ ഒരു അലമ്പനായി മാറുന്നതിന്‍റെ പ്രധാന കാരണം ഇതാണ് എന്നുപറഞ്ഞാണ് അദ്ദേഹം സംസാരം ആരംഭിക്കുന്നത്. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇടം എണ്ണപ്പാടങ്ങളോ മറ്റ് സുന്ദരമായ സ്ഥലങ്ങളോ അല്ല, മറിച്ച് സെമിത്തേരിയാണ്. ഒരുപാട് ആശയങ്ങളുമായി വന്ന ശേഷം ഇതൊന്നും ആരോടും പറയാനാവാതെ, പങ്കുവയ്ക്കാനാവാതെ, നടപ്പാക്കാനാവാതെ പോയവര്‍ കിടക്കുന്ന സ്ഥലമായ സെമിത്തേരിയാണ് ഏറ്റവും സമ്പന്നം. ഈ ജന്മം നമുക്ക് എന്തെല്ലാം പങ്കുവെയ്ക്കാനാവുമോ, എത്രത്തോളം സ്നേഹിക്കാനാവുമോ, പറയാനാവുമോ, അതെല്ലാം മാക്സിമം ചെയ്യണം– ഇതാണ്  മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

അദ്ദേഹം പറഞ്ഞതുപോലെ തന്നെ, വെറും 38-ാം വയസിലാണ് ജയിംസ് വി ജോർജ് ഈ ലോകത്തോട് വിട പറഞ്ഞത്. കോളേജിൽ ബുധനാഴ്ച വൈകിട്ട്‌ നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ജയിംസ്‌ തലകറങ്ങിവീണിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

മഹാത്മാഗാന്ധി സർവകലാശാല പിജി ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ (കൊമേഴ്‌സ്‌) അംഗവും കോളേജ്‌ സ്റ്റാഫ്‌ സെക്രട്ടറിയുമായിരുന്നു ജയിംസ് വി ജോർജ്. കോർപറേറ്റ്‌ റെഗുലേഷൻസ്‌ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ, ബാങ്കിങ് ആൻഡ്‌ ഇൻഷുറൻസ്‌, കോർപറേറ്റ്‌ ലോ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്‌. അച്ഛൻ: പരേതനായ വർക്കി. അമ്മ: മേരി. ഭാര്യ: സോന ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, ന്യൂമാൻ കോളേജ്‌, തൊടുപുഴ). മകൻ: വർഗീസ്‌ (രണ്ടരവയസ്സ്‌). 

ENGLISH SUMMARY:

Video of James v george before his death