പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന കോളജില്‍ ആണ്‍കുട്ടികള്‍ കൂടി വന്നുചേര്‍ന്നാല്‍ ഓണം എങ്ങനെയുണ്ടാകും? ഒരുമിച്ചുണ്ടെങ്കില്‍ ആഘോഷം കളറാകുമെന്നാണ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ പറയുന്നത്. പുത്തന്‍ ഓണപ്പാട്ടുകളും ഓണക്കളികളും കൂടി ചേര്‍ത്ത് മാറ്റം ആവേശമാക്കിയ കൗമാരത്തിന്‍റെ കലാലയക്കാഴ്ചകളിലേക്ക്.
കോളജ് തുടങ്ങി എഴുപത്തിയഞ്ചാം വര്‍ഷം. ഇത്തവണ കോളജ് ചരിത്രത്തില്‍ ആദ്യമായി ആണ്‍കുട്ടികള്‍ വടം പിടിച്ചു. ആവേശം വാനോളം. കഴിഞ്ഞമാസം ആണ്‍കുട്ടികളെ സ്വീകരിച്ച് പുത്തന്‍ മാറ്റത്തിന് തുടക്കമിട്ടപ്പോള്‍ മുതലേ കോളജില്‍ ആഘോഷത്തിന്‍റെ നാളുകളാണ്. സാരികളും പട്ടുപാവാടകളും നിറഞ്ഞ ക്യാംപസില്‍ മുണ്ടും ഷര്‍ട്ടും സ്ഥാനം പിടിച്ചു. അത്തപ്പൂക്കളമിടാന്‍ എല്ലാവരും ഒരുമിച്ച്. ന്യൂജെന്‍ ഫോട്ടോകള്‍ക്കും റീല്‍സുകള്‍ക്കും വരാന്തകള്‍ ഫ്രെയിമായി. മാനുഷിക വേര്‍ത്തിരിവുകളില്ലാത്ത ഓണത്തിന് വേര്‍തിരിവുകളുടെ അതിര്‍വരമ്പുകളില്ലാത്ത സൗഹൃദക്കാഴ്ചകള്‍ നിറം പകരുന്നു.