പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ വലിയ ചെണ്ടുമല്ലിത്തോട്ടത്തില്‍ വിളവെടുപ്പ്. പന്തളം പറന്തലിലാണ് രണ്ടര ഏക്കറില്‍ കൃഷിയിറക്കിയത്. പൂക്കൃഷി വര്‍ധിക്കുന്നതിനാല്‍ തമിഴ്നാട്ടിലേതിന് സമാനമായ പൂമാര്‍ക്കറ്റ് വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
മുന്‍പെല്ലാം വിവിധ പഞ്ചായത്തുകള്‍ ചെറിയ സ്ഥലങ്ങളില്‍ കൃഷി ചെയ്തിരുന്നെങ്കിലും രണ്ടര ഏക്കറിലെ കൃഷിയും വിളവെടുപ്പും ആദ്യമാണ്. കൃഷി ഭവന്‍ ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ നല്‍കി. പറന്തല്‍ സ്വദേശി ജോണ്‍ ആണ് കൃഷിയിറക്കിയത്. പൂ വ്യാപാരി കൂടിയായ പഞ്ചായത്തംഗം പ്രസാദ് മൊത്തമായി വാങ്ങുകയായിരുന്നു. ഓണത്തിരക്കിലേക്കായിരുന്നു പൂക്കളുടെ വിളവെടുപ്പ്. ചെറുതെങ്കിലും വിവിധയിടങ്ങളില്‍ കൃഷി തുടങ്ങിയതോടെ പൂര്‍ണമായും തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരുന്നില്ല എന്ന് പ്രസാദ് പറയുന്നു.
ദിവസവും നൂറ് കിലോ പൂവു പറിച്ചിരുന്നിടത്ത് ഓണം അടുത്തതോടെയാണ് തീര്‍ത്തു വിളവെടുപ്പ്. കിലോയ്ക്ക് നൂറുരൂപ വരെയാണ് ഓണക്കാലത്ത് പൂവിന്‍റെ വില. ഓണം കഴിഞ്ഞാല്‍ വില കുത്തനെ ഇടിയും കുടുംബശ്രീയുടെയും കൃഷിവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും പിന്തുണയാണ് പൂക്കൃഷിയെ ഇത്ര സജീവമാക്കി നിര്‍ത്തുന്നത്. ജില്ലയുടെ വിവിധ മേഖലകളില്‍ ചെറിയ രീതിയില്‍ ചെയ്ത പൂക്കളടക്കം ഏറ്റെടുക്കാനുള്ള സംവിധാനമാകുന്നുണ്ട്.