വയനാട്ടിലെ ദുരിതബാധിതരെ തന്നാലാകുംവിധം സഹായിക്കുമെന്ന് പറഞ്ഞത് കൊല്ലം പത്തനാപുരം സ്വദേശി അബ്ദുല്‍ അസീസ് യാഥാര്‍ഥ്യമാക്കുകയാണ്. ദുരിതബാധിതരുടെ നൂറു വീടുകളില്‍ നൂറു കട്ടില്‍ നല്‍കാമെന്നായിരുന്നു അബ്ദുല്‍ അസീസിന്റെ വാഗ്ദാനം. ഒരുമാസം കൊണ്ട് അന്‍പതു കട്ടിലിന്റെ നിര്‍മാണം പൂര്‍ത്തിയായി.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നൂറു വീട് നല്‍കാമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്തനാപുരം നടുക്കുന്ന് സ്വദേശിയായ അബ്ദുല്‍ അസീസ‌് നൂറു വീടുകളിലേക്ക് നൂറു കട്ടില്‍ നല്‍കാമെന്ന് പറഞ്ഞത്. കുണ്ടയം വെളളാരമണ്‍ ഭാഗത്തെ നിര്‍മാണശാലയില്‍ അന്‍പതു കട്ടിലുകള്‍ തയാറായി.
നൂറു കട്ടിലുകള്‍ പൂര്‍ത്തിയായാല്‍ ഇത് ഇവിടം കൊണ്ട് തീരില്ല. അബ്ദുല്‍ അസീസിന് ഇനി മറ്റൊരു ആഗ്രഹം കൂടിയുണ്ട്. തന്റെ കൊച്ചുമകള്‍ക്ക് സമ്മാനിച്ചതുപോലെ വയനാട്ടിലെ കുട്ടികള്‍ക്കായി ഡ്രെസിങ് ടേബിള്‍ തയാറാക്കാനാണ് തീരുമാനം. പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ പ്രിയങ്ക ഗാന്ധിയെക്കൊണ്ട് വിതരണം ചെയ്യിക്കണമെന്നതും ആഗ്രഹം. ആരോഗ്യവകുപ്പില്‍ ജീവനക്കാരനായിരുന്ന അബ്ദുല്‍ അസീസ് തന്റെ പെന്‍ഷന്‍ തുകയൊക്കെയാണ് കട്ടില്‍ നിര്‍മാണത്തിന് ചെലവഴിക്കുന്നത്.