TOPICS COVERED

ആലപ്പുഴയില്‍ നവജാത ശിശുഹത്യ വര്‍ധിക്കുമ്പോള്‍ അമ്മത്തൊട്ടിലിന്‍റെ രഹസ്യസ്വഭാവമില്ലായ്മ ചര്‍ച്ചയാവുന്നു.  ആലപ്പുഴ കടപ്പുറം വനിത–ശിശു ആശുപത്രിയോട് ചേര്‍ന്ന ജനത്തിരക്കേറിയ ഇടത്താണ് നിലവില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. 

ആശുപത്രിയില്‍ എത്തുന്നവരുടെ തിരക്കിന് പുറമേ, ഓട്ടോറിക്ഷാ സ്റ്റാന്‍ഡ്, കച്ചവട സ്ഥാപനങ്ങള്‍, റിസോര്‍ട്ട് എന്നിവ സ്ഥിതി ചെയ്യുന്നിടത്താണ് അമ്മത്തൊട്ടില്‍. തൊട്ടിലിന് മുന്നിലായി സ്വകാര്യ ബാറും, ബാറിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയും. രാത്രിയിലും തിരക്കേറിയ സ്ഥലം. 

ഇവയെല്ലാം അമ്മത്തൊട്ടിലിന്‍റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി. ശിശുക്ഷേമ സമിതിയുടെ കെട്ടിടത്തിലേക്ക് അമ്മത്തൊട്ടില്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമായെങ്കിലും ഫണ്ട് അനുവദിക്കാത്തത് പ്രതിസന്ധിയായി. ആലപ്പുഴ കടപ്പുറം വനിത–ശിശു ആശുപത്രിയുടെ മതിലിനേട് ചേര്‍ന്ന് അമ്മത്തൊട്ടില്‍ വന്നിട്ട് 14 വര്‍ഷം ആയി. ജില്ലയിലെ ഏക അമ്മത്തൊട്ടില്‍ ആയതിനാല്‍ രഹസ്യസ്വഭാവം നിലനിര്‍ത്തി കുഞ്ഞുമായി ഇവിടേക്ക് എത്താനും ബുദ്ധിമുട്ടാണ്. 

ഇത് പലപ്പോഴും കുഞ്ഞുങ്ങളെ കെന്നുതള്ളുക എന്ന തീരുമാനത്തിലേക്ക് പോലും നയിക്കുന്നു. ജില്ലയില്‍ രണ്ടുമാസത്തിനിടെ രണ്ടുകുഞ്ഞുങ്ങളെയാണ് കൊന്നുകുഴിച്ചുമൂടിയത്. സ്വകാര്യതയ്ക്ക് പുറമെ അമ്മത്തൊട്ടിലിനെ കുറിച്ചുള്ള അറിവില്ലായ്മയും വെല്ലുവിളി ആകുന്നു. താലൂക്ക് അടിസ്ഥാനത്തില്‍, ആള്‍ത്തിരക്കില്ലാത്ത ഇടത്ത് അമ്മത്തൊട്ടില്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

ENGLISH SUMMARY:

Alappuzha Ammathottil Located In Crowded Area