TOPICS COVERED

ആലപ്പുഴ അമ്പലപ്പുഴയില്‍ കാത്തിരുന്ന് കിട്ടിയ റോഡ് കണ്ണടച്ച് തുറക്കും മുന്‍പ് പൊട്ടിപ്പൊളിഞ്ഞു. ഉദ്ഘാടനം പോലും കഴിയാത്ത പുതിയ റോഡാണ് തകര്‍ന്നത്. നിര്‍മാണത്തില്‍ അഴിമതി ആരോപിക്കുകയാണ് നാട്ടുകാര്‍.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം മുരളിമുക്ക് മുതല്‍ ദേശീയപാത വരെയുള്ള റോഡാണ് തകര്‍ന്നത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 64 ലക്ഷം മുടക്കിയാണ് 800 മീറ്റര്‍ റോഡ് പുനര്‍നിര്‍മിച്ചത്. മൂന്നുമീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശത്തും അരമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റും ചെയ്യുമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. ടാറിങ് കഴിഞ്ഞതോടെ കോണ്‍ക്രീറ്റ് ചെയ്യാതെ കരാറുകാര്‍ മുങ്ങി. ടാര്‍ ചെയ്ത പലഭാഗങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. കാലുകൊണ്ട് ഒന്നുറച്ച് ചവിട്ടിയാല്‍ കുഴിഞ്ഞു പോകുന്ന അവസ്ഥയിലാണ് റോ‍ഡ്. 

ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നു വഴിയാണ്. 2 വര്‍ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ചിട്ട ശേഷമാണ് പുതിയ റോഡ് യാഥാര്‍ഥ്യമായത്. പ്രതിഷേധവും പരാതികളും ഫലം കണ്ടെന്ന ആശ്വാസത്തിലിരുന്ന നാട്ടുകാര്‍ക്ക് പുതിയ റോഡും പണിയായി. അടിയന്തിരമായി വീണ്ടും ടാറ് ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

Alappuzha road crisis