ഇത്തവണത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തി എന്ന തരത്തില്‍ സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സർക്കാർ ഓണം ഓഫർ ശർക്കരയുടെ കൂടെ ഒരു അടിവസ്ത്രം തികച്ചും ഫ്രീ എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.കൊണ്ടോട്ടി അബു എന്ന പേജിലാണ് വിഡിയോ പ്രചരിക്കുന്നത്.
കീവേഡുകളുടെ പരിശോധനയിൽ ഇത്തവണത്തെ സർക്കാരിന്റെ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു വാർത്തയോ റിപ്പോർട്ടുകളോ പ്രസിദ്ധീകരിച്ചതായ വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല.പിന്നീട് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ പരിശോധിച്ചപ്പോൾ 13 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുമായി ബന്ധപ്പെട്ട പോസ്റ്റ് ലഭിച്ചു. പോസ്റ്റിലെ വിവരങ്ങൾ പ്രകാരം തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നതെന്നും ഇത്തവണത്തെ ഓണക്കിറ്റിൽ ശർക്കര ഉൾപ്പെട്ടിട്ടില്ലായിരുന്നെന്നും വ്യക്തമായി.
സംസ്ഥാന സർക്കാരിന്റെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലെ ഫാക്ട് ചെക്ക് വിഭാഗവും വൈറൽ വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി. ‘ഓണക്കിറ്റിൽ ശർക്കരയില്ല’ ശർക്കരയിൽ മാലിന്യമെന്ന് വ്യാജപ്രചാരണം എന്ന തലക്കെട്ടോടെ 'സർക്കാർ ഓണം ഓഫർ- ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ'യെന്ന ടൈറ്റിലോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത് തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.