sathar-accident

TOPICS COVERED

താമല്ലാക്കലിൽ ദേശീയപാതയിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ സങ്കടക്കടലായി നാടും വീടും. മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ സത്താറും മകള്‍ ആലിയയുമാണ്  അപകടത്തിൽ കൊല്ലപ്പെട്ടത്. പിതാവിനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും വിളിച്ചു കൊണ്ടുവരുന്നതിനിടെ ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടമുണ്ടായത്. സത്താറിന്റെ ഭാര്യ ഹസീന, മറ്റു മക്കളായ ഹർഷിദ്, അൽഫിദ, കാർ ഓടിച്ചിരുന്ന ഭാര്യാസഹോദരൻ അജീബ്, ബന്ധുക്കളായ സാലിഹ്, ആദിൽ എന്നിവർക്കു നിസ്സാര പരുക്കേറ്റു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തായാണു സത്താർ ഇരുന്നത്. നേരെ പിറകിലെ സീറ്റിലായിരുന്നു ആലിയ. ലോറിയിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഇടതു ഭാഗം തകർന്നു. തലയോട്ടി തകർന്ന് ആലിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റാണു സത്താറിന്റെയും മരണം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി മുഹ്മയദിൻ പള്ളിയിൽ കബറടക്കം നടത്തി. നിസ്സാര പരുക്കേറ്റ മറ്റുള്ളവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആലിയ കരുനാഗപ്പള്ളി വിദ്യാധിരാജ കോളജിൽ ബിഎ മലയാളം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. സത്താറിനു മദീനയിൽ ഈന്തപ്പഴം ബിസിനസ് ആണ്.