viswantha menon

തൊഴിലാളികള്‍ക്കിടയില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവായിരുന്നു എം.എം. ലോറന്‍സ്. സാധാരണക്കാരന്‍റെ ജീവിതത്തെ എങ്ങനെയാണ് മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റേണ്ടതെന്നും അതിന് പാര്‍ട്ടി സംവിധാനങ്ങളെങ്ങനെ പ്രവര്‍ത്തിക്കണമെന്നും ധാരണയുള്ള നേതാവ് കൂടിയായിരുന്നു. തൊഴിലാളി നേതാവായിരുന്നെങ്കിലും സാധാരണക്കാര്‍ക്ക് വേണ്ടി 'തൊഴിലാളി വിരുദ്ധന്‍' കൂടിയായിട്ടുണ്ട് ലോറന്‍സ്. അതിന്‍റെ ഫലമായി 2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. അക്കഥ ലോറന്‍സ് തന്നെയാണ് ഒരിക്കല്‍ പറഞ്ഞത്.  കേരളമാകെ എല്‍ഡിഎഫ് തരംഗം വീശിയ തിരഞ്ഞെടുപ്പ്. 

വോട്ട് ചെയ്തത് ലോറന്‍സിന് തന്നെ. അയാള്‍ക്ക് ചില ഉറച്ച അഭിപ്രായങ്ങളുണ്ട്

അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്ന് ലോറന്‍സ് ഇറങ്ങി. പുറത്തിറങ്ങിയപ്പോള്‍ പെരുമഴ. ഗാന്ധിനഗറിലേക്കുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചു. ഓട്ടോക്കാരനോട് രാഷ്ട്രീയം പറഞ്ഞു തുടങ്ങി. കേരളം എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടും എറണാകുളത്ത് എന്തേ തോറ്റതെന്ന് ലോറന്‍സ് ഓട്ടോക്കാരനോട് ചോദിച്ചു. ഉടനെത്തി മറുപടി ' അത് കെ.വി തോമസിനെതിരെ ഒരു 'കഞ്ഞി'യെയാണ് എല്‍ഡിഎഫ് മല്‍സരിപ്പിച്ചതെന്ന് ഓട്ടോക്കാരന്‍! ഭാവവ്യത്യാസമേതും വരുത്താതെ ലോറന്‍സ് ചോദിച്ചു... അതെന്താ അയാള്‍ കഞ്ഞിയെന്ന് പറഞ്ഞത്? ' ഓ.. പ്രായം കുറേ ആയില്ലേ'.. എന്നായിരുന്നു ഓട്ടോക്കാരന്‍റെ മറുപടി. 'ആ..താനാര്‍ക്കാ വോട്ട് ചെയ്തത്? ലോറന്‍സ് ചോദ്യം തുടര്‍ന്നു.. 'വോട്ട് ചെയ്തത് ലോറന്‍സിന് തന്നെ. അയാള്‍ക്ക് ചില ഉറച്ച അഭിപ്രായങ്ങളുണ്ട്' എന്ന് കൂടി ഓട്ടോഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. 

എറണാകുളത്തെ ഓട്ടോക്കാര്‍ അമിതമായി പണം വാങ്ങുന്നുവെന്നും അത് ശരിയല്ലെന്നും ലോറന്‍സ് അക്കാലത്ത് തുറന്നടിച്ചിരുന്നു. അതില്‍ ഓട്ടോത്തൊഴിലാളികള്‍ക്ക് കടുത്ത അമര്‍ഷവും ഉണ്ടായിരുന്നു. സംസാരിച്ച് വീടെത്തി ഇറങ്ങുമ്പോള്‍ പണം കൊടുത്ത ശേഷം ഓട്ടോക്കാരനോട് പറഞ്ഞു.. 'കൂട്ടുകാരാ.. നിങ്ങള്‍ നേരത്തെ പറഞ്ഞ ആ കഞ്ഞി ഞാന്‍ തന്നെയാണ്'!. 

mm-lawrence-party-meeting

കൊച്ചി മേയര്‍ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിലെന്ന വണ്ണം നഷ്ടപ്പെട്ട ചരിത്രം കൂടി ലോറന്‍സിനുണ്ട്. കൊച്ചി കോര്‍പറേഷന്‍ രൂപീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. എളംകുളം ഡിവിഷനില്‍ നിന്നും ജയിച്ച ലോറന്‍സിനെ സിപിഎം മേയര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. രണ്ടംഗങ്ങളുടെ ഭൂരിപക്ഷവുമുണ്ടായിരുന്നു. വിജയം ഉറപ്പിച്ച സിപിഎം വൈകുന്നേരം നിശ്ചയിച്ചിരുന്ന ഷേണായീസ് തീയറ്റര്‍ ഉദ്ഘാടനത്തിന് ലോറന്‍സിന്‍റെ പേര് മേയര്‍ സ്ഥാനത്ത് വച്ച് ശിലാഫലകം വരെ തയാറാക്കി. പക്ഷേ വോട്ടെണ്ണിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എ.എ. കൊച്ചുണ്ണിക്കും ലോറന്‍സിനും തുല്യവോട്ടുകള്‍. നറുക്കെടുപ്പില്‍ ഭാഗ്യം കൊച്ചുണ്ണിയെ തുണച്ചതോടെ ലോറന്‍സിന് മേയര്‍ സ്ഥാനം നഷ്ടം. 

ENGLISH SUMMARY:

Auto driver's explanation to MM Lawrence on how LDF lost in Ernakulam in assembly elections ,2006.