തനിക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും സഹോദരിമാർക്ക് വേണ്ടി അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. പഴയ നേരെ ചൊവ്വേ അഭിമുഖത്തിലായിരുന്നു അവർ പ്രണയത്തെപ്പറ്റിയും അത് ഉപേക്ഷിക്കാനുള്ള കാരണത്തെപ്പറ്റിയും മനസ് തുറന്നത്.

'എനിക്കൊരു ഇഷ്ടമുണ്ടായിരുന്നു, വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ്. ജാതി വേറെയായിരുന്നു. അത് നടക്കാൻ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത് കൊണ്ട് അതിൽ നിന്ന് മാറി, അനിയത്തിമാർക്ക് വേണ്ടിയായിരുന്നു ആ തീരുമാനം, അല്ലാതെ എനിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ല, ഇന്നാണെങ്കിൽ ധൈര്യപൂർവ്വം വിവാഹം നടക്കുമായിരുന്നു.' - കവിയൂർ പൊന്നമ്മ നേരെ ചൊവ്വേയിൽ പറഞ്ഞു. 

താൻ മനസ്സിൽ സങ്കൽപ്പിച്ചിരുന്ന ഒരു ജീവിതം ആയിരുന്നില്ല എനിക്ക് കിട്ടിയതെന്ന് വിവാഹ ബന്ധം പിരിഞ്ഞതിനെ പറ്റി കവിയൂർ പൊന്നമ്മ പറഞ്ഞിരുന്നു. 'ഭർത്താവ് മണി സ്വാമിയുമായി പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹബന്ധം പിരിഞ്ഞത്. പിരിഞ്ഞു താമസിച്ചിട്ട് വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ഒരു ആവശ്യം തോന്നിയില്ല. എന്റെ മനസ്സിൽ സ്നേഹം എന്ന വികാരം ഇത്തിരി കൂടുതലാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. പക്ഷേ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചിരുന്ന ഒരു ജീവിതം ആയിരുന്നില്ല എനിക്ക് കിട്ടിയത്. പിരിഞ്ഞു താമസിച്ചിട്ട് വീണ്ടും ഒരുമിച്ച് താമസിക്കാനുള്ള ഒരു ആവശ്യം തോന്നിയില്ല. വീണ്ടും വയസ്സുകാലത്ത് എന്തിനാണ് ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് അഭിപ്രായമായിരുന്നു മകൾക്ക്'. 

ഭർത്താവുമായി അകന്നു താമസിക്കുന്നെങ്കിലും കുടുംബങ്ങൾ തമ്മിൽ അകന്നിട്ടില്ലെന്നും കവിയൂർ പൊന്നമ്മ നേരെ ചൊവ്വേയിൽ വ്യക്തമാക്കിയിരുന്നു. 'ഭർത്താവുമായി പിരിഞ്ഞെങ്കിലും അദേഹത്തിന്റെ കുടുംബവുമായി ഒരു പ്രശ്നവുമില്ലായിരുന്നു. അദേഹത്തിന്റെ സഹോദരിയുടെ മകനാണ് എന്റെ മകളുടെ ഭർത്താവ്. പിരിഞ്ഞു താമസിക്കാൻ തക്കവണ്ണമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായത്. അത് പരിഹരിക്കാൻ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു അല്ലെങ്കിൽ പിരിഞ്ഞു താമസിക്കേണ്ടി വരില്ലല്ലോ. എന്റെ ഭാഗത്തുനിന്നും വീഴ്ചകൾ വന്നിട്ടുണ്ടെന്ന് ഒരിക്കലും തോന്നുന്നില്ല'-  കവിയൂർ പൊന്നമ്മ മനസു തുറന്നു. 

മേഘ തീർഥത്തിലെ ഗായത്രി എന്ന കഥാപാത്രത്തിന് സ്വന്തം ജീവതവുമായുള്ള സാമ്യത്തെ പറ്റിയുള്ള ചോദ്യത്തോടായിരുന്നു കവിയൂർ പൊന്നമ്മയുടെ ഈ പ്രതികരണം.

ENGLISH SUMMARY:

Kaviyoor Ponnamma tells about lost love