എഡിജിപി അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് ചീഫ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന് താൻ നൽ‍കിയ പരാതിയുടെ കോപ്പി ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് പിവി അൻവർ എംഎൽഎ. ഇതിന് അദ്ദേഹം നൽകിയിരിക്കുന്ന കുറിപ്പാണ് ഏറ്റവും രസകരം. അതിങ്ങനെയാണ്. 

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി, വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക.!! ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം,സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം. ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌.. - പിവി അൻവർ  ഫെയ്സ്ബുക്കിൽ കുറിച്ചു. 

അജിത് കുമാർ 35 ലക്ഷത്തിന് ഒരു വസ്തുവാങ്ങി വെറും 10 ദിവസത്തിനകം, രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി അത് 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റുവെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. 2016ൽ തന്നെ ഏകദേശം 60 ലക്ഷം വില മതിക്കുന്ന ഈ ഫ്ലാറ്റ് എങ്ങനെ അദ്ദേഹത്തിന്  35 ലക്ഷത്തിന് കിട്ടി? ഇതിൽ പദവി ദുരുപയോ​ഗം ചെയ്തിട്ടുണ്ടോ? തുടങ്ങി നിരവധി ആക്ഷേപങ്ങൾ അൻവർ ഉന്നയിക്കുന്നുണ്ട്. 

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ചിലർ തെറ്റിധരിപ്പിച്ചെന്ന് പി.വി. അന്‍വര്‍ ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആവർത്തിക്കുന്നു. ഞാൻ ഉന്നയിച്ച ആരോപണം പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ്. സത്യങ്ങള്‍ മുഴുവന്‍ മറച്ചുവച്ച് പൊലീസിന്‍റെ മനോവീര്യം തകര്‍ക്കലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണ മാറുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും. ബഹുമാനപ്പെട്ട സിഎം പറഞ്ഞ കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. എസ്.പിയുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് തെറ്റെന്ന് സമ്മതിച്ചിരുന്നുവെന്നും ഫോണ്‍ കോള്‍ പുറത്തു വിട്ടത് സമൂഹത്തിന്‍റെ നൻമയ്ക്ക് വേണ്ടിയാണെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു. സുജിത് ദാസിന്‍റെ ഫോണ്‍ കോള്‍ പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. താന്‍ പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെടുത്താനുള്ള ഏക തെളിവാണ് ഫോണ്‍ സംഭാഷണം. തെളിവുണ്ടായിട്ടുപോലും ഇപ്പോള്‍ പലതും മാറി മറിഞ്ഞുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

PV Anvar against ADGP Ajith Kumar