പ്രകൃതിയുടെ മനോഹര കാഴ്ച സമ്മാനിക്കുന്ന പാലക്കാട് തൃത്താല വെള്ളിയാങ്കല്ലില്‍ സഞ്ചാരികളുടെ ഒഴുക്ക്. നിളയോരത്തെ ഭംഗി ആസ്വദിക്കാന്‍ നിരവധിപേരാണ് വൈകുന്നേരങ്ങളില്‍ കുടുംബസമേതമെത്തുന്നത്. ഓണക്കാല അവധിയായതിനാല്‍ പതിവിലും തിരക്കാണ്.
വിനോദ സഞ്ചാരികളെ തൃത്താലയിലേക്കെത്തിക്കുന്ന പ്രകൃതി മനോഹാരിത നിറഞ്ഞ ഇടമാണ് വെള്ളിയാങ്കല്ല് പൈതൃക പാർക്കും നിളയോരവും. പ്രകൃതിയോടിണങ്ങി അസ്തമയ സൂര്യന്‍റെ ഭംഗി ആസ്വദിക്കാനായി നിരവധിപേരാണ് വൈകുന്നേരങ്ങളില്‍ ഇവിടേയ്ക്കെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനായി ഒട്ടക സവാരിയുൾപ്പെടെ നിരവധി വിനോദങ്ങളും. ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് വെല്ലുവിളിയാവുന്ന ചില അനുഭവങ്ങളുമുണ്ട്. സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞുടച്ചിരിക്കുന്ന മദ്യക്കുപ്പികളാണ് ഇതില്‍ ഏറ്റവും അപകടകാരി.
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ സഞ്ചാരികളാണ് കൂടുതലും വെള്ളിയാങ്കല്ലിന്‍റെ ഭംഗി തേടിയെത്തുന്നത്. വെള്ളിയാങ്കല്ലും പരിസരവും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ടൂറിസം വകുപ്പ് വിഭാവനം ചെയ്ത പല പദ്ധതികളും കടലാസിലാണ്.