സംഗീതത്തിന് ഭാഷയും അതിരുമില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ ആലിയ ഭട്ട് ദമ്പതിമാരുടെ മകള്‍ക്കും ഉറക്കുപാട്ടായി ഉണ്ണി വാ വാവോ മാറിയതിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൈതപ്രമാണ് ഈ ഗാനം രചിച്ചത്..ആത്മാവിൽ തൊടുന്ന പാട്ടുകൾ എന്നും നിലനിൽക്കും. പാട്ട് വീണ്ടും ചർച്ചയായതിൽ അതിയായ സന്തോഷവും. അഭിമാനവുമുണ്ടെന്നും കൈതപ്രം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രൺബീർ കപൂർ ആലിയ ഭട്ട് ദമ്പതിമാരുടെ മകള്‍ റാഹയെ ഉറക്കാന്‍ മലയാളം താരാട്ട് പാട്ട് പാടുന്നതിനെ പറ്റി ആലിയ പറഞ്ഞിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന ചിത്രത്തിലെ 'ഉണ്ണീ വാവാവോ' എന്ന താരാട്ട് പാടിയാണ് ആയ കുട്ടിയെ ഉറക്കുന്നതെന്നും രണ്‍ബീര്‍ ഇപ്പോള്‍ പാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞു. ആയ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറഞ്ഞു.