എല്ലാവരും തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ എന്നും തന്റെ അമ്മയായിരിക്കുമെന്ന് ലോറി ഉടമ മനാഫ്. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിന് പ്രതികരണവുമായി രംഗത്ത് വന്നപ്പോഴാണ് മനാഫിന്‍റെ പ്രതികരണം.
Also Read : അര്‍ജുന്‍റെ ചിത്രം വച്ച് മനാഫിന്‍റെ യൂട്യൂബ് ചാനല്‍; അപകടശേഷം തുടങ്ങിയ ചാനലിന്‍റെ പേര് ‘ലോറി ഉടമ മനാഫ്
മനാഫ് കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപ വരെ അർജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും കുടുംബം ആരോപിച്ചു. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചു. അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും വാർത്താസമ്മേളനത്തിൽ അർജുന്റെ കുടുംബം വ്യക്തമാക്കി.
അതേ സമയം അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു.
മനാഫിന്‍റെ വാക്കുകള്‍
‘ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങൾ വന്നതോടെ അത് തുടരാൻ തന്നെയാണ് തീരുമാനം. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു.’’ മനാഫ് പറഞ്ഞു. യൂട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണെന്നും അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടതെന്നും മനാഫ് മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ചു. ‘‘അർജുന് വേണ്ടി പിരിവ് നടത്തിയിട്ടില്ല. എന്റെ സ്വത്തും മുതലും വിറ്റിട്ടാണ് ഞാൻ നിൽക്കുന്നത്. പിരിവ് നടത്തിയെന്നതിന് തെളിവ് കൊണ്ടുവന്നാൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്നുനിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളു. ഞാനൊരു കാര്യം ഏറ്റെടുത്ത് പൂർത്തിയാക്കി. അത് കഴിഞ്ഞു. എനിക്ക് നേരിട്ട കുറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. യൂട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണ്. പത്തായിരം സബ്സ്ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. അവർക്ക് കാര്യങ്ങൾ മനസിലാകാൻ വേണ്ടി വല്ലപ്പോഴും ലൈവ് ഇടും’ മനാഫ് വിശദീകരിച്ചു.